ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി സംബന്ധിച്ചുള്ള പരിശോധന ഓഗസ്റ്റ് 17 ലേക്ക് മാറ്റി.
ഇടുക്കി: ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി സംബന്ധിച്ചുള്ള പരിശോധന ഓഗസ്റ്റ് 17 ലേക്ക് മാറ്റി. രാവിലെ കക്ഷികൾക്കായി അഭിഭാഷകരാണ് സബ് കളക്ടർ മുമ്പാകെ ഹാജരായത്. ജോയ്സിനും കുടുംബത്തിനും പട്ടയം നൽകിയ കക്ഷികൾ നേരിട്ട് ഹാജരാകണമെന്നാണ് ദേവികുളം സബ് കളക്ടർ വി.ആർ പ്രേംകുമാർ നിർദ്ദേശം നൽകിയിരുന്നത്.
എന്നാൽ കക്ഷികൾക്ക് പകരമായി അഭിഭാഷികർ തന്നെയാണ് വെള്ളിയാഴ്ച വീണ്ടും ഹാജരായത്. ഇവരുടെ അപ്പീലുകൾ ഫയൽ ചെയ്ത സബ് കളക്ടർ വാദങ്ങൾ കേൾക്കുകയും കേസ് 17 ലേക്ക് മാറ്റുകയുമായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും കൊട്ടക്കമ്പൂരിലെ പട്ടയം ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയതെന്ന ജില്ലാ കലക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഭൂമിയുടെ രേഖകളുമായി എം.പിയെ ഹാജരാകാൻ നോട്ടീസ് നൽകിയത്. എന്നാൽ എം.പിക്ക് പകരം അഭിഭാഷകര്‍ ഓഗസ്റ്റ് 3ന് ഹാജരായി.
കുടുംബാംഗങ്ങളുടെ ഭൂമിയുടെ രേഖകളും അഭിഭാഷകര്‍ ഹാജരാക്കിയിരുന്നു. പട്ടയം അനുവദിച്ച കാലഘട്ടം, അടിസ്ഥാന രേഖയായ ഫെയര്‍ ഫീല്‍ഡ് രജിസ്റ്റര്‍, പട്ടയം നല്‍കേണ്ട കമ്മിയുടെ രേഖകള്‍ തുടങ്ങിയവയില്‍ എംപിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയില്‍ ഉണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് സബ് കലക്ടര്‍ പട്ടയം റദ്ദാക്കിയത്.
