വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017ല്‍ സംഭവിച്ച തീപിടിത്തത്തില്‍ നശിച്ചു പോയതായി ബാങ്ക് അറിയിക്കുകയായിരുന്നെന്ന് അനിൽ കുമാർ.
കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നല്‍കിയ ആധാരം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ വസ്തു ഉടമയ്ക്ക് ഐ.ഡി.ബി.ഐ ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. അഡ്വ. വി.എസ് മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍. ബിന്ദു, കെ.എം ആന്റോ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.
കോട്ടയം പാമ്പാടി സ്വദേശിയായ ഡോ. അനില്‍ കുമാര്‍ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസല്‍ ആധാരവും മുന്നാധാരവും ബാങ്കില്‍ ഈടായി നല്‍കി. ലോണ്‍ അടച്ചു തീര്‍ത്തശേഷം വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017ല്‍ സംഭവിച്ച തീപിടിത്തത്തില്‍ നശിച്ചു പോയതായി ബാങ്ക് അറിയിക്കുകയായിരുന്നു. 2020 ഡിസംബര്‍ 18നാണ് വിവരം അനില്‍ കുമാറിനെ ബാങ്ക് അറിയിക്കുന്നത്. തുടര്‍ന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കി. തുടര്‍ന്ന് അസല്‍ ആധാരം തിരികെ നല്‍കാത്തതിനെതിരെ അനില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ അഭാവം ഉടമസ്ഥാവകാശത്തില്‍ സംശയം ജനിപ്പിക്കാനും സ്ഥലത്തിന്റെ കമ്പോള വിലയില്‍ കുറവു വരുത്താനും ഇടയാക്കുമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിലയിരുത്തി. ഈടായി നല്‍കിയ പ്രമാണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാതിരുന്നത് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഭാഗത്തു നിന്നുമുണ്ടായ സേവന ന്യൂനതയാണെന്നും കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് ഹര്‍ജിക്കാരന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
ഗുരുതര സാഹചര്യം, ബങ്കറുകളിൽ അഭയം തേടി ഇസ്രായേലിലെ മലയാളികൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

