വെള്ളം കെട്ടുന്നത് ഒഴിവാക്കാനുള്ള നടപടി കാര്യക്ഷമമല്ലാത്തതിനാല്‍ ഇക്കുറിയും വെള്ളപ്പൊക്ക ഭീഷണിയിലാണ് കോട്ടയത്തെ കുമരകം മേഖല. 

കോട്ടയം: വെള്ളം കെട്ടുന്നത് ഒഴിവാക്കാനുള്ള നടപടി കാര്യക്ഷമമല്ലാത്തതിനാല്‍ ഇക്കുറിയും വെള്ളപ്പൊക്ക ഭീഷണിയിലാണ് കോട്ടയത്തെ കുമരകം മേഖല. എക്കലടിഞ്ഞും കൈയ്യേറ്റവും കാരണം ചെറുതോടുകളിലെല്ലാം ഒഴുക്ക് നിലച്ചു. 

വീടിന് സമീപത്ത് കൂടി ഒഴുകുന്ന ചെറു തോടിലെ എക്കല്‍ നീക്കം ചെയ്യുന്ന ജോലി സ്വയം ചെയ്യുകയാണ് കുമരകം സ്വദേശി കൊച്ചുമോൻ. കഴിഞ്ഞ മഴയത്ത് തോട്ടില്‍ നിന്ന് വെള്ളം കയറി കൊച്ചുമോനടക്കം നിരവധി പേര്‍ക്ക് വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് പോകേണ്ടി വന്നു.

രണ്ട് പ്രളയത്തിലെ എക്കലാണ് തോടുകളിലെല്ലാം. പഞ്ചായത്താകട്ടെ എക്കല്‍ വാരാൻ ഒരു നടപടിയും സ്വീകരിച്ചില്ല. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പദ്ധതിയിലൂടെ മറ്റു മേഖലകളിൽ തോടുകളുടെ ആഴം കൂട്ടിയപ്പോഴും കുമരകത്തേക്ക് പദ്ധതിയെത്തിയില്ല.

കുമരകത്തെ പ്രധാന തോടുകളുടെയെല്ലാം അവസ്ഥയിതാണ്.വലിയ കേവു വള്ളങ്ങൾ പോയിരുന്ന തോടുകളെല്ലാം കൈയ്യേറ്റം മൂലം മെലിഞ്ഞൊഴുകുന്നു.ഒപ്പം മാലിന്യം തള്ളലും കൂടിയായതോടെ ഒഴുക്ക് പലയിടത്തും നിലച്ചു.