കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് പുതിയ മുഖം. കാർ‍ഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ് ഉൾപ്പെടെ 13 പദ്ധതികൾ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഈ സർക്കാരിന്‍റെ കാലത്ത് തന്നെ ക്യാൻസർ രജിസ്ട്രേഷന്‍ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച ഹൃദ്രോരോഗചികിത്സാവിഭാഗം പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കാത്ത് ലാബിന് പുറമേ കുട്ടികളുടെ ഹൃദയ ശസ്ത്രക്രീയ വിഭാഗവും തുടങ്ങി.128 സൈലസ് സി ടി സ്കാൻ, ഓട്ടിസം സെന്‍റർ റെറ്റിന യൂണിറ്റ് ക്യാൻസർ ശസ്ത്രക്രിയാവിഭാഗം എന്നിവയും തുടങ്ങി. താക്കോൽദ്വാര ശസ്ത്രക്രിയക്കുള്ള ആധുനിക യൂണിറ്റുകൾ, നഴ്സിംഗ് പരിശീലന യൂണിറ്റ് എന്നിവയും പ്രവർത്തനം തുടങ്ങി. സ്ത്രീകളുടെ മെഡിക്കൽ വാർഡ് അത്യാഹിതവിഭാഗത്തിന്‍റെ രണ്ടാം ഘട്ടം എന്നിവയുടെ ശിലാസ്ഥാപനവും ആരോഗ്യമന്ത്രി നിർവ്വഹിച്ചു . ക്യാൻസറിനെ നേരിടുന്നതിനുള്ള പദ്ധതിയുടെ പ്രധാന ഘട്ടമായാണ് രജിസ്ട്രേഷന്‍ പൂർത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്നതിന് പകരം മെഡിക്കൽ കോളേജുകൾ മികവിന്‍റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.