ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ഭൂട്ടസ് (38) കടലിൽ അകപ്പെട്ടു. ഇത് കണ്ട് ഇയാളെ രക്ഷിക്കാൻ കടലിലേയ്ക്ക് എടുത്ത് ചാടിയ സുഹൃത്തുക്കളായ നാലംഗ സംഘവും ശക്തമായ തിരയിൽപ്പെടുകയായിരുന്നു
തിരുവനന്തപുരം: പൂന്തുറ ചേരിയാമുട്ടം കടലിൽ അകപ്പെട്ട അഞ്ചുപേരെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ഭൂട്ടസ് (38) കടലിൽ അകപ്പെട്ടു. ഇത് കണ്ട് ഇയാളെ രക്ഷിക്കാൻ കടലിലേയ്ക്ക് എടുത്ത് ചാടിയ സുഹൃത്തുക്കളായ നാലംഗ സംഘവും ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തോമസ്(39) ഡാർവിൻ (42) ജസ്റ്റിൻ (40) ഫ്രാൻസിസ് (39) എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങി അപകടത്തിൽപ്പെട്ടത്.
നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് എത്തിയ കോസ്റ്റൽ പോലീസാണ് ഇവർ അഞ്ചു പേരെയും ബോട്ടിൽ രക്ഷപ്പെടുത്തിയത്. . എസ്.ഐ ഷാനിബാസ്, ജയകുമാർ, എ.എസ്.ഐ രാജ് കുമാർ, ബോട്ട് സ്രാങ്ക് ഫെർണാണ്ടസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.വെള്ളത്തിൽ കിടന്ന് അവശരായ അഞ്ച്
പേരെയും രാത്രി 8.30 ഓടെ വിഴിഞ്ഞം പഴയ വാർഫിൽ എത്തിച്ച് 108 ആമ്പുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
