Asianet News MalayalamAsianet News Malayalam

കോഴിക്കോട് നീന്തൽക്കുളത്തിന് ഏറ്റെടുത്ത സ്ഥലവും മുടക്കിയ പണവും പാഴ്, നേരിട്ട് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്  സൗത്ത് ബീച്ചിൽ നീന്തൽക്കുളം നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലവും മുടക്കിയ ലക്ഷങ്ങളും  വാങ്ങിയ  സാധനങ്ങളും  പാഴായെന്ന ഗുരുതര പരാതിയെ കുറിച്ച് നേരിട്ട്  അന്വേഷിക്കാൻ  മനുഷ്യാവകാശ കമ്മീഷൻ തീരുമാനം
Kozhikode Beach Swimming Pool Controversy Human Rights Commission will investigate
Author
First Published Oct 2, 2022, 10:49 PM IST

കോഴിക്കോട്: കോഴിക്കോട്  സൗത്ത് ബീച്ചിൽ നീന്തൽക്കുളം നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലവും മുടക്കിയ ലക്ഷങ്ങളും  വാങ്ങിയ  സാധനങ്ങളും  പാഴായെന്ന ഗുരുതര പരാതിയെ കുറിച്ച് നേരിട്ട്  അന്വേഷിക്കാൻ  മനുഷ്യാവകാശ കമ്മീഷൻ തീരുമാനം.  കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡി ജി പി ടോമിൻ ജെ തച്ചങ്കരി മേധാവിയായുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. രണ്ടു മാസത്തിനകം  അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. 

ജില്ലാ കളക്ടർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 1.55 ഏക്കർ സ്ഥലമാണ് നീന്തൽകുളം നിർമ്മിക്കാൻ സ്പോർട്ടസ് കൌൺസിലിന് പാട്ടത്തിന് അനുവദിച്ചത്.  1999 മുതൽ 2019 വരെ പാട്ട കുടിശികയായ 6,93,27,650 രൂപ ഈടാക്കാൻ 2019 ഫെബ്രുവരി 11 ന് നോട്ടീസ് നൽകിയെങ്കിലും ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് ലഭിച്ചതിനാൽ നിർത്തിവച്ചു. 

സ്ഥലം പോർട്ട് ഏറ്റെടുത്ത് വലിയൊരു ഭാഗം ബീച്ച് സൌന്ദര്യവത്ക്കരണത്തിനായി  ഉപയോഗിച്ച് കഴിഞ്ഞു.  എന്നാൽ 2018 മാർച്ച് 30 വരെയുള്ള പാട്ടക്കരാർ തുക സ്പോർട്ട്സ് കൌൺസിൽ അടച്ചു.  പാട്ടത്തിന് നൽകിയത് സർക്കാർ ഉത്തരവ് പ്രകാരമാണ്.  പാട്ടം റദ്ദാക്കണമെങ്കിലും സർക്കാർ ഉത്തരവ് ആവശ്യമാണോയെന്ന് പരിശോധിക്കാൻ റവന്യൂ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. 

എന്നാൽ നീന്തൽക്കുളം നിർമ്മാണം തീരദേശപരിപാലന നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചതു കാരണമാണ് നീന്തൽകുളം നിർമ്മാണം നിർത്തിവച്ചതെന്ന് തുറമുഖ വകുപ്പ് ഓഫീസർ കമ്മീഷനെ അറിയിച്ചു.  പാട്ടകാലാവധി അവസാനിച്ചതു കാരണം സ്ഥലം തുറമുഖ വകുപ്പിന് തിരികെ ലഭിക്കേണ്ടതാണെന്നും പോർട്ട് ഓഫീസർ അറിയിച്ചു.

Read more: അർഹതയില്ലാത്ത റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് പണി; കോഴിക്കോട്ട് വീടുകയറി പരിശോധനയിൽ കണ്ടെത്തിയത് 68 കാർഡുകൾ

എന്നാൽ കായിക പ്രേമികൾക്കും നീന്തൽ താരങ്ങൾക്കും പ്രയോജന പ്രദമായ ഒരു പദ്ധതിയാണ് സർക്കാർ വകുപ്പുകളുടെ പരസ്പര മത്സരം കാരണം നഷ്ടമായതെന്ന് പരാതിക്കാരനായ എ സി ഫ്രാൻസിസ് കമ്മീഷനെ അറിയിച്ചു.  പദ്ധതി നടപ്പിലാക്കാത്തതു കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇത് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പരാതിയിൽ കഴമ്പുണ്ടെന്നും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും കമ്മീഷൻ     
ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ്  ഉത്തരവിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios