കോഴിക്കോട്: കോവിഡ് 19 ന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ജില്ലാ ഭരണകൂടത്തിന്‍റെ കൈത്താങ്ങ്. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ചാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്.  ജില്ലയിലെ ഏഴു ലേബര്‍ സര്‍ക്കിളുകളിലുള്ള കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റും കുട്ടികള്‍ക്ക് കളിക്കോപ്പുകളും നല്‍കിയത്. ഏഴ് അസി. ലേബര്‍ ഓഫീസര്‍മാര്‍ മുഖനയാണ് വിതരണം.

നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയാണ് കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുള്ള 200 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഹാന്‍ഡ് വാഷും കുട്ടികള്‍ക്കായി കളറിംഗ്, ചിത്രരചന, കഥാ പുസ്തകം, കളിപ്പാട്ടങ്ങള്‍, പെന്‍സില്‍, ക്രയോണ്‍സ് തുടങ്ങിയവയാണ് കിറ്റിലുള്ളത്. 

വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്കും പ്രാധാന്യം നല്‍കണമെന്ന സന്ദേശം ഉള്‍ക്കൊള്ളിച്ചാണ് അവര്‍ക്കും സഹായകരമായ രീതിയിലുള്ള കിറ്റ് വിതരണം ചെയ്യുന്നതെന്ന് സംഘടന സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രസ്രീന്‍ കുന്നംപള്ളി പറഞ്ഞു. ജില്ലാ കലക്ടര്‍ സാംബശിവ റാവു കിറ്റ് വിതരണത്തിനുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് വി.പി രാജന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി.പി സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.