3.6 ലക്ഷം രൂപയാണ് പിരിവിനുള്ള ക്വാട്ടയായി നല്‍കിയിരുന്നതെങ്കിലും അ തില്‍ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്.
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. കമ്മിറ്റി പുനഃസ്ഥാപിച്ചതായും അവശേഷിക്കുന്ന ഫണ്ട് പിരിച്ചെടുക്കാന്‍ ഫെബ്രുവരി 15 വരെ സമയം അനുവദിച്ചതായും ഇതുസംബന്ധിച്ച കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. 3.6 ലക്ഷം ക്വാട്ടയായി നല്‍കിയതില്‍ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്. തുക കുറഞ്ഞതിനാല്‍ തന്നെ ഡി.സി.സി പ്രസിഡന്റ് കാര്യമായൊന്നും സംസാരിക്കാതെ ഇവിടെ നിന്നും മടങ്ങുകയായിരുന്നു.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി എം.സി നസീമുദ്ദീന്‍ വാട്സ് ആപ്പ് മുഖേന ഡി.സി.സി പ്രസിഡന്റിന് രാജി കൈമാറി. തുടര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതില്‍ കാണിച്ച അലംബാവം കണക്കിലെടുത്ത് എം.സി നസീമുദ്ദീന്‍ പ്രസിഡന്റായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡി.സി.സി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.
