Asianet News MalayalamAsianet News Malayalam

കൊവിഡ് 19: കോഴിക്കോട് രോഗം സ്ഥിരീകരിച്ച രണ്ട് പേർ കുവൈറ്റിൽ നിന്നും എത്തിയവർ

ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31 ആയി. ഇവരില്‍ 24 പേര്‍ക്ക് രോഗമുക്തരായി ആശുപത്രി വിട്ടു.

kozhikode district covid 19 case update
Author
Kozhikode, First Published May 16, 2020, 7:28 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.  കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി (51 വയസ്സ്), പേരാമ്പ്ര (55) സ്വദേശികള്‍, ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ എത്തിവരാണ്. 

വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഓമശ്ശേരിയില്‍ എത്തിച്ച് അവിടെ കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. ഓമശ്ശേരി സ്വദേശി (51) ക്ക് 14-ാം തിയ്യതിയും പേരാമ്പ്ര സ്വദേശിക്ക് (55) 15-ാം തിയ്യതിയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം     സ്ഥിരീകരിക്കുകയും ചെയ്തു. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി നരിപ്പറ്റ സ്വദേശി (43) മെയ് 9 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 10 ന് രാവിലെ വാളയാറില്‍ എത്തുകയും പാസില്ലാത്തതിനാല്‍ അവിടെ വൈകുന്നേരം വരെ തങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സജ്ജമാക്കിയ വാഹനത്തല്‍ പുറപ്പെട്ട് മെയ് 11 ന് രാവിലെ 10.30 ന് നരിപ്പറ്റയിലെത്തി വീട്ടില്‍ നീരീക്ഷണത്തിലായിരുന്നു. 13 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. 

ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31 ആയി. ഇവരില്‍ 24 പേര്‍ക്ക് രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ ഏഴ് കോഴിക്കോട്  സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്. ഇന്ന് 52 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 2754 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2648 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2609 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 206 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Follow Us:
Download App:
  • android
  • ios