കോഴിക്കോട്: കൊവിഡമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് 157 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,822 ആയി. 1084 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.  ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ ആകെ 50 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 21 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല. ഇതിനകം റിപ്പോര്‍ട്ട് ചെയ്ത 24 കേസുകളില്‍ 13 പേര്‍ രോഗമുക്തരായതിനാല്‍ 11 പേരാണ് പോസിറ്റീവായി ചികിത്സയില്‍ തുടരുന്നത്. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഇതര ജില്ലക്കാര്‍ എല്ലാവരും ഡിസ്ചാര്‍ജായി. 

ഇന്ന് 43 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 855 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 811 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 781 എണ്ണം നെഗറ്റീവാണ്. 44 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
  
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൊവിഡ് അവലോകനയോഗത്തില്‍  ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ പങ്കെടുത്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 17 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 244 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 3111 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8448 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.