കോഴിക്കോട്: പ്രളയം വന്ന് കേരളം കൈത്താങ്ങ് തേടുമ്പോള്‍ തന്നോളമാകുന്നത് നല്‍കി സഹായിച്ച ആദികേഷിന് കോഴിക്കോടിന്‍റെ സ്നേഹ സമ്മാനം. ഒരുപാട് ആശിച്ച് സൈക്കിളിനായി സ്വരൂപിച്ച പണം പ്രളയബാധിതരെ  സഹായിക്കാനായി നല്‍കുകയായിരുന്നു ആദികേഷ്. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഒളവണ്ണ എ എൽ പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥി ആദികേഷ് നല്‍കിയത്.

ഇതോടെ സൈക്കിള്‍ മോഹം പിന്നത്തേക്ക് മാറ്റി വച്ചെങ്കിലും ആ ആശ നിറവേറ്റി കോഴിക്കോട് ജില്ലാപഞ്ചായത്ത് രംഗത്തെത്തി. ആദികേഷിന് സ്നേഹ സൈക്കിൾ കൈമാറി. ആദികേഷ്  സംഭാവന നൽകിയ വിവരം പത്രത്തിലൂടെ അറിഞ്ഞ  ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സ്കൂളിലെത്തി സൈക്കിൾ സമ്മാനിക്കുകയായിരുന്നു.