അടിയേറ്റ് കാല്‍ മുറിഞ്ഞിട്ടും പിന്മാറിയില്ല; കരയ്ക്കടിഞ്ഞ ഭീമന്‍ തിമിംഗലത്തെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍
അതിനിടയില്‍ തിമിംഗലം വാലിട്ടടിച്ചതിനെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കാലില്‍ മുറിവേറ്റു. കല്ലില്‍ അടിച്ച് തിമിംഗലത്തിന്റെ വാലിലും മുറിവേറ്റിട്ടുണ്ടെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.
കോഴിക്കോട്: ''എടാ, രാജാവ് ജീവനോടെ കരയ്ക്കടിഞ്ഞെടാ, ഗ്രൂപ്പിലുള്ള എല്ലാരും അഴീക്കലേക്ക് വാ''... മത്സ്യതൊഴിലാളിയായ രഞ്ജിത്ത് വാട്‌സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം കേട്ട് അവര്‍ കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്തേക്ക് കുതിച്ചെത്തുകയായിരുന്നു. രാജാവ് എന്ന് അവര്‍ വിശേഷിപ്പിക്കാറുള്ള തിമിംഗലം കരയ്ക്കടിഞ്ഞ കാഴ്ച അവര്‍ക്ക് ആദ്യമായിട്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതോടെ കടല്‍ഭിത്തിയില്‍ ചൂണ്ടയിടാന്‍ ഇരുന്ന രഞ്ജിത്ത്, രാജീവന്‍, സുധീര്‍, ഷൈജു എന്നിവരാണ് ഭീമന്‍ തിമിംഗലത്തെ ആദ്യമായി കണ്ടത്.
കടലിലേക്ക് നീന്താന്‍ കഴിയാത്ത വിധം കുടുങ്ങിപ്പോയ തിമിംഗലത്തെ കണ്ടപ്പോള്‍ ആദ്യം കടല്‍പശുവാണെന്ന് കരുതിയതായി രഞ്ജിത്ത് പറഞ്ഞു. പിന്നീടാണ് തിമിംഗലമാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ നാല് പേരും കടലിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ 30 അടിയോളം നീളമുണ്ടായിരുന്ന കടലിലെ രാജാവിനെ രക്ഷപ്പെടുത്താന്‍ ആള്‍ബലം പോരായിരുന്നു. തുടര്‍ന്നാണ് പ്രദേശത്തുള്ളവര്‍ ചേര്‍ന്നുള്ള 'എന്തും പറയാം' വാട്‌സാപ് ഗ്രൂപ്പില്‍ രഞ്ജിത്ത് ശബ്ദസന്ദേശം അയച്ചത്.
സന്ദേശം കേട്ടയുടന്‍ കൂടുതല്‍ പേര്‍ സ്ഥലത്തേക്ക് എത്തുകയായിരന്നു. പിന്നീട് 13 പേര്‍ കടലിലേക്ക് ഇറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏതാനും പേര്‍ക്ക് തിമിംഗലം ഉപദ്രവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ തങ്ങളുടെ ബോട്ടിനരികില്‍ എത്തിയാലും അക്രമിക്കാത്ത തിമിംഗലത്തിന്റെ സ്വഭാവസവിശേഷത പറഞ്ഞ് ഷിജു മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കി. തീരത്തിന് നേരെ നിന്നിരുന്ന തിമിംഗലത്തെ കടലിന്റെ ഭാഗത്തേക്ക് തിരിക്കാനായിരുന്നു ആദ്യ ശ്രമം. രണ്ട് ഭാഗത്തെ ചിറകുകളിലും പിടിച്ച് ഏകദേശം മുക്കാല്‍ മണിക്കൂറോളം സമയമെടുത്താണ് ഈ ഉദ്യമത്തില്‍ വിജയിച്ചത്.
അതിനിടയില്‍ തിമിംഗലം വാലിട്ടടിച്ചതിനെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കാലില്‍ മുറിവേറ്റു. കല്ലില്‍ അടിച്ച് തിമിംഗലത്തിന്റെ വാലിലും മുറിവേറ്റിട്ടുണ്ടെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വിഷ്ണു, സജിത്ത് ലാല്‍, രോഹിത്ത്, വിപിന്‍, അരുണ്‍, ലാലു, രാജേഷ്, ഹരീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഭീമന്‍ തിമംഗലത്തെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാകളെ തേടി ആശംസാപ്രവാഹമാണ് ഇപ്പോള്‍.