2009 ലാണ് മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാന്‍റ് പൊളിച്ച് പുതിയ സ്റ്റാന്‍റ് നിർമാണം തുടങ്ങിയത്. ആറു വർഷത്തിന് ശേഷം 2015ൽ പ്രവർത്തനം തുടങ്ങിയെങ്കിലും തുടക്കകാലം മുതൽ നിർമാണത്തിലെ അപാകതകൾ അടക്കം ഒട്ടേറെ വിവാദങ്ങളുമുണ്ടായിരുന്നു. 

കോഴിക്കോട്: ബലക്ഷയം കാരണം കെട്ടിടം ഒഴിയണമെന്ന ഉത്തരവ് വന്നതോടെ കോഴിക്കോട് (Kozhikode) കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയില്‍. ബദൽ സംവിധാനം എവിടെ ഒരുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കെഎസ്ആർടിസി (KSRTC). നേരത്തെ പഴയ ബസ്റ്റാന്‍റ് പൊളിച്ച സമയത്ത് പരിമിതികള്‍ക്കിടയില്‍ പാവങ്ങാട് ഡിപ്പോയിലായിരുന്നു സ്റ്റാന്‍റ് പ്രവൃത്തിച്ചിരുന്നത്.

2009 ലാണ് മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാന്‍റ് പൊളിച്ച് പുതിയ സ്റ്റാന്‍റ് നിർമാണം തുടങ്ങിയത്. ആറു വർഷത്തിന് ശേഷം 2015ൽ പ്രവർത്തനം തുടങ്ങിയെങ്കിലും തുടക്കകാലം മുതൽ നിർമാണത്തിലെ അപാകതകൾ അടക്കം ഒട്ടേറെ വിവാദങ്ങളുമുണ്ടായിരുന്നു. വർഷങ്ങളോളം ആരും ഏറ്റെടുക്കാതിരുന്ന വ്യാപാര സമുച്ചയം ഇക്കഴിഞ്ഞ മാസമാണ് അലിഫ് ട്രേഡേഴ്സിന് നടത്തിപ്പിനായി വിട്ടു നൽകിയത്.

പുതിയ കെട്ടിട സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ദ സംഘത്തിന്‍റെ റിപ്പോര്‍ട്ട് വന്നതോടെ എല്ലാം വീണ്ടും കീഴ് മേല്‍ മറിഞ്ഞു. ഒരു മാസത്തിനുള്ളിൽ കെട്ടിടം ഒഴിയണമെന്നാണ് മന്ത്രി ഉത്തരവിട്ടത്. ഇതോടെ ബസ് സ്റ്റാന്‍റ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ വീണ്ടും പ്രതിസന്ധിയായി. എട്ട് കിലോ മീറ്റർ അകലെയുള്ള പാവങ്ങാട് ഡിപ്പോയിലേക്ക് സർവ്വീസുകൾ മാറ്റുന്നത് അധിക ചെലവിനിടയാക്കും പാവങ്ങാട്ടേക്ക് മാറ്റുന്നത് ജീവനക്കാർക്കും പ്രയാസമുണ്ടാക്കും.

നഗരത്തില്‍ തന്നെ എവിടെയെങ്കിലും സ്ഥലം കണ്ടെത്താനാകുമോ എന്ന ആലോചനയിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ഒരു മാസത്തിനുള്ളിൽ ബസ്സ്റ്റാന്‍റ് പൂർണമായും ഒഴിപ്പിച്ച് ബലപ്പെടുത്താനുള്ള പണികളുടെ ടെണ്ടർ വിളിക്കും. മൂന്ന് മാസത്തിനുള്ളിൽ ബലപ്പെടുത്തൽ നടപടികൾ തുടങ്ങാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.