അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‍യുവിന്‍റെ നേതൃത്വത്തില്‍ കോളേജില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്.
കോഴിക്കോട്: ഗവണ്‍മെന്‍റ് ലോ കോളേജില്‍ കെഎസ്‍യു പ്രവര്‍ത്തകനെ വളഞ്ഞു വെച്ച് മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമമുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തത്. അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‍യുവിന്‍റെ നേതൃത്വത്തില്‍ കോളേജില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്..
കെഎസ്‍യു പ്രവര്‍ത്തകനായ സഞ്ജയ് ജസ്റ്റിനെ ലോ കോളേജില്‍ വെച്ച് വളഞ്ഞു വെച്ച് അക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ ശ്യാം, കാര്‍ത്തിക്, ഋത്വിക്, അബിന്‍ രാജ്, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് കെസ്‍യു പ്രവര്‍ത്തകര്‍ കോളേജില്‍ പഠിപ്പു മുടക്കി പ്രകടനം നടത്തി.
ഇന്നലെ രാവിലെയാണ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഞ്ജയ് ജെസ്റ്റിനെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞു വെച്ച് മര്‍ദിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഞ്ജയിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം കോളേജില്‍ നടന്ന സമരത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട് പ്രകോപനമുണ്ടാക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐ നേതൃത്വം നല്‍കുന്ന വിശദീകരണം.

