കോഴിക്കോട്:  കൈക്കൂലി പരാതിയെ തുടര്‍ന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എസ്ഐ എ. ഹബീബുള്ളയ്ക്ക് സസ്‍‍പെന്‍ഷൻ. സിറ്റി പൊലീസ് കമ്മിഷണർ കോറി സഞ്‍ജയ് കുമാര്‍ ഗുരുഡാണ് ഇന്നലെ ഉച്ചയോടെ സസ്പെൻഷൻ ഉത്തരവിറക്കിയത്. പരാതിക്കാരനിൽ നിന്നും, കുറ്റം ആരോപിക്കപ്പെട്ട ആളിൽനിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. 

എസ്ഐയ്‍ക്കെതിരായ വിവിധ പരാതികളിൽ കമ്മിഷണർ നേരിട്ട് രഹസ്യാന്വേഷണം നടത്തിയിരുന്നു. മൂന്ന് സംഭവങ്ങളിൽ എസ്ഐ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കമ്മിഷണർ പറഞ്ഞു.  പരാതികൾ വച്ചുതാമസിപ്പിച്ച് കൈക്കൂലിക്ക് കളമൊരുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. പരാതികൾ ഗൗരവമുള്ളതാണെന്നും വീണ്ടും വിശദമായ അന്വേഷണം നടക്കുമെന്നും കമ്മിഷണർ പറഞ്ഞു. 

രണ്ട് വർഷത്തിലധികമായി ഹബീബുള്ള മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എസ്ഐയായി പ്രവർത്തിച്ചുവരികയാണ്. പ്രതിശ്രുത വധുവിനെ കാണാനായി രാത്രി വൈകി നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വനിതാ ഹോസ്റ്റലിൽ പോയതിനെ ചോദ്യം ചെയ്ത ദളിത് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നേരത്തെ ഹബീബുള്ളയ്ക്കെതിരെ പ്രതിഷേധം നടന്നിരുന്നു.