കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാന് സസ്പെൻഷൻ. മെഡിക്കൽ കോളജിൽ കഫീൽ ഖാൻ പങ്കെടുത്ത പരിപാടിയിൽ രാജ്യദ്രോഹമാരോപിച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു. ഇതിൽ എച്ച് ഡി എസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രിൻസിപ്പൽ പരാതി കമ്മീഷണർക്ക് കൈമാറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിനെ ഉപരോധിച്ചതിനാണ് സസ്പെൻഷൻ. അന്വേഷണ കാലാവധി തീരും വരെയാണ് സസ്പെൻഷൻ. 

കോഴിക്കോട് മെഡിക്കൽ കോളജിൽ  യുപിയിലെ ശിശുരോഗ വിദഗ്ദൻ ഡോക്ടർ കഫീൽ ഖാന്‍റെ സന്ദർശനം ഒരു വർഷത്തിന് ശേഷമാണ് വിവാദമായത്. യൂണിയൻ പരിപാടിയിൽ കഖീൽ ഖാൻ പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ വർഷം മെയിൽ  കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ നടത്തിയ പരിപാടിയിൽ ഡോക്ടർ കഫീൽ ഖാന്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് ആരോപണമുന്നയിച്ച് ബിജെപി ആശുപത്രി വികസന സമിതിക്ക് പരാതി കൊടുക്കുകയും പ്രിൻസിപ്പൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ പരിപാടി നടന്ന് ഒരു വർഷം തികയാറായപ്പാൾ പ്രിൻസിപ്പലിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബിജെപി രംഗത്തെത്തി.

സിപിഎം ജില്ലാ സെക്രട്ടറി ചെയർമാനായ ആശുപത്രി വികസന സമിതിയിലായിരുന്നു സിറ്റി പൊലീസ് ചീഫ് സംഭവം അന്വേഷിക്കണം എന്ന ആവശ്യമുയർന്നത്. ആവശ്യം സമിതി അംഗീകരിച്ചു. ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് ആർക്കെങ്കിലും ആരോപണമുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിന്‍റെതെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ വിശദമാക്കി. പരാതി നൽകാന്‍ തീരുമാനിച്ച ആശുപത്രി വികസന സമിതിയുടെയും പ്രിൻസിപ്പലിന്‍റെയും നടപടിയിൽ പ്രതിഷേധിച്ച് കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രതിഷേധ പ്രകടനത്തിന് ഇടയില്‍ പ്രിൻസിപ്പലിനെ ഉപരോധിച്ചതിനാണ് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാന് സസ്പെൻഷൻ.