6299 രൂപ നല്‍കി സ്റ്റാര്‍ ക്യൂ കമ്പനിയുടെ കാര്‍ വാഷറിന് ഓര്‍ഡര്‍ നല്‍കിയ കക്കോടി  സ്വദേശിയ്ക്കാണ്  പകരം പത്ത് രൂപ പോലും വിലയില്ലാത്ത നട്ട് ലഭിച്ചത്

കോഴിക്കോട്: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത കാര്‍ വാഷറിന് പകരം യുവാവിന് ലഭിച്ചത് പത്ത് രൂപ പോലും വിലയില്ലാത്ത നട്ട്. 6299 രൂപ നല്‍കി സ്റ്റാര്‍ ക്യൂ കമ്പനിയുടെ കാര്‍ വാഷറിന് ഓര്‍ഡര്‍ നല്‍കിയ കക്കോടി സ്വദേശിയ്ക്കാണ് പകരം നട്ട് ലഭിച്ചത്. ജൂലൈ രണ്ടിനാണ് സ്റ്റാര്‍ ക്യൂ എക്‌സ് എന്‍ ടി - എസ് 5 എന്ന ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തത്. 

ഇന്നലെ രാവിലെ സാധനം വീട്ടിലെത്തി. എന്നാല്‍ ലഭിച്ചത് ചെറിയ പാക്കറ്റായതിനാല്‍ സംശയം പ്രകടിപ്പിക്കുകയും അപ്പോള്‍ തന്നെ നിരസിക്കുകയും ചെയ്തു. അഡ്രസടക്കം എല്ലാ വിവരങ്ങളും കൃത്യമായതിനാല്‍ സാധനം ഓര്‍ഡര്‍ നല്‍കിയ അതേ രീതിയില്‍ തന്നെ തിരിച്ചയക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡെലിവറി ഏജന്‍സിയുടെ പ്രതികരണം. ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും സേവനം ലഭ്യമായില്ല. മടക്കി അയച്ചാല്‍ പണം തിരികെ ലഭിക്കുമെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്.