എവിടേയും എപ്പോഴും ഈച്ചയെന്ന ദുരിതത്തിലാണ് ഓമശേരി പഞ്ചായത്തിലെ കൂടത്തായി പൂവോട് പ്രദേശം. അറുപതോളം കുടുംബങ്ങളാണ് ഇങ്ങനെ ഈച്ചശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുന്നത്. 

കോഴിക്കോട്: ഈച്ചശല്യം കാരണം ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട് കൂടത്തായിയിലെ നിരവധി കുടുംബങ്ങള്‍. ഭക്ഷണം പാചകം ചെയ്യാന്‍ പോലും സാധിക്കാതെ പ്രയാസത്തിലായ നാട്ടുകാര്‍ ഇപ്പോള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ഭക്ഷണത്തിലും പായയിലും പാത്രത്തിലും ഈച്ച, കിടക്കയും മൊബൈല്‍ ഫോണും ഈച്ചകളെക്കൊണ്ട് പൊതിയുന്നു. എവിടേയും എപ്പോഴും ഈച്ചയെന്ന ദുരിതത്തിലാണ് ഓമശേരി പഞ്ചായത്തിലെ കൂടത്തായി പൂവോട് പ്രദേശം. അറുപതോളം കുടുംബങ്ങളാണ് ഇങ്ങനെ ഈച്ചശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനോ കഴിക്കാനോ സാധിക്കാത്ത അവസ്ഥയില്‍ ദുരിതത്തിലാണ് പ്രദേശവാസികള്‍.

വീടുകളിലോ പരിസരത്തോ മാലിന്യങ്ങള്‍ ഉള്ളതിനാലാവാം ഈച്ചകളെത്തുന്നത് എന്ന് കരുതി പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഈച്ചശല്യം വര്‍ധിക്കുകയാണ്. അടുത്തിടെ ആരംഭിച്ച കോഴി ഫാമില്‍ നിന്നാണ് ഈച്ചകളെത്തുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. ജീവിതം ദുസഹമായ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.