Asianet News MalayalamAsianet News Malayalam

വനമേഖലയിലും ഇനി ഇടതടവില്ലാതെ വൈദ്യുതി; പൂര്‍ത്തിയായത് കെ.എസ്.ഇ.ബിയുടെ അഭിമാന പദ്ധതി

ഗതികേടിന് അറുതിവരുത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ എ.ബി.സി. അഥവാ ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ വഴിയായിരിക്കും പ്രതിസന്ധിഘട്ടങ്ങളില്‍ ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുക. 

kseb complete forest electrification project in wayanad
Author
Muthanga, First Published Apr 14, 2021, 9:45 AM IST

കല്‍പ്പറ്റ: മഴക്കാലങ്ങളില്‍ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക് ലൈനുകളുടെ നാശം വലിയ നഷ്ടമായിരുന്നു കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയിരുന്നത്. ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതിനും ഇത് കാരണമാകുമായിരുന്നു. ഉദാഹരണത്തിന് മുത്തങ്ങയില്‍ എവിടെയെങ്കിലും ലൈനിലേക്ക് മരം മുറിഞ്ഞുവീണാല്‍ സുല്‍ത്താന്‍ബത്തേരി സെക്ഷന് കീഴിലാകെ വൈദ്യുതി തടസ്സമുണ്ടാകുമെന്നതായിരുന്നു സ്ഥിതി. 

ഈ ഗതികേടിന് അറുതിവരുത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ എ.ബി.സി. അഥവാ ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ വഴിയായിരിക്കും പ്രതിസന്ധിഘട്ടങ്ങളില്‍ ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുക. കഴിഞ്ഞ മാസം അവസാനത്തോടെയാണ് കേബിള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായത്. തിരുവനന്തപുരം ആസ്ഥാനമായ ജെനിസിസ് എന്‍ജിനീയറിങ് ആന്റ് കോണ്‍ട്രാക്ടേഴ്സ് കമ്പനിക്കായിരുന്നു നിര്‍മാണ കരാര്‍. സുല്‍ത്താന്‍ബത്തേരി സെക്ഷന്‍ കൂടാതെ ബത്തേരി വെസ്റ്റ്, പാടിച്ചിറ, മാനന്തവാടി സെക്ഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലും എ.ബിസി. സ്ഥാപിച്ചിട്ടുണ്ട്. 

ഒരു കിലോ മീറ്റര്‍ ദുരം എ.ബി.സി ലൈന്‍ സ്ഥാപിക്കാന്‍ 17 ലക്ഷം രൂപയാണ് കെ.എസ്.ഇ.ബിക്ക് ചിലവ്. നാലിടങ്ങളില്‍ ആകെ രണ്ട് കോടിയോളം രൂപയാണ് ചിലവഴിച്ചത്. മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങള്‍ ഒരു പരാമാവധി ഒഴിവാക്കാന്‍ പദ്ധതി വഴി സാധിക്കുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എച്ച്. സുരേഷ് പറഞ്ഞു. മഴ ശക്തമായാല്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശം കൂടിയാണ് മുത്തങ്ങ. ഇത് കൂടി കണക്കിലെടുത്താണ് ഇരുമ്പ് കാലുകള്‍ സ്ഥാപിച്ച് കേബിള്‍ വലിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ട് വഴിയുള്ള വൈദ്യുതി വിതരണം വെള്ളപ്പൊക്ക കാലത്ത് പ്രതിസന്ധിയുണ്ടാക്കും. 

സാധാരണ വൈദ്യുതി ലൈന്‍ വലിക്കുന്നത് 35 മുതല്‍ 40 മീറ്റര്‍ വരെ അകലത്തില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചാണെങ്കില്‍ എ.ബി.സിക്ക് 22 മുതല്‍ 25 മീറ്റര്‍ ദൂരത്തില്‍ തന്നെ പോസ്റ്റുകള്‍ സ്ഥാപിക്കണം. സാധാരണ ലൈനിനെ അപേക്ഷിച്ച് ഭാരം കൂടിയതിനാലും മരക്കൊമ്പുകള്‍ വീണാല്‍ പോലും നാശമുണ്ടാകിതിരിക്കാനും കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഏതായാലും പുതിയ സംവിധാനം വയനാട്ടിലെ വൈദ്യുതി വിതരണ രംഗത്ത് തന്നെ നാഴികക്കല്ല് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
 

Follow Us:
Download App:
  • android
  • ios