2004-ൽ ഉപഭോക്താക്കളിൽ നിന്ന് പിരിച്ച പണം തിരിമറി നടത്തിയ കേസിൽ കോടതി ശിക്ഷിച്ച കെഎസ്ഇബി കാഷ്യർ സക്കീർ ഹുസൈൻ പിടിയിൽ. സുപ്രീം കോടതി ശിക്ഷ ശരിവെച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ നെടുമങ്ങാട് നിന്ന് വിജിലൻസ് സംഘമാണ് അറസ്റ്റ് ചെയ്തത്.  

തിരുവനന്തപുരം: വിജിലൻസ് കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന കെഎസ്ഇബി ജീവനക്കാരൻ പിടിയിൽ. വിതുര, തൊളിക്കോട് കെഎസ്ഇബി സബ് എൻജിനീയർ ഓഫീസിലെ കാഷ്യർ സക്കീർ ഹുസൈനെയാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പിടികൂടിയത്. 2004 ൽ ഉപഭോക്താക്കളിൽ നിന്നും ഇലക്ട്രിക് ചാർജ് ഇനത്തിൽ പിരിച്ചെടുത്ത 1,37,277 രൂപ ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ. കേസിൽ അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിരുന്നു. സക്കീർ ഹുസൈൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, വിവിധ വകുപ്പുകളിലായി രണ്ട് വർഷം കഠിനതടവിനും 2,000 രൂപ പിഴ ഒടുക്കുന്നതിനും 2013 ൽ ശിക്ഷ വിധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി അത് നിരസിച്ചു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയും ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ ഹാജരാകാതെ സക്കീർ ഹുസൈൻ ഒളിവിൽ പോവുകയായിരുന്നു.നെടുമങ്ങാട് സ്വദേശിയായ സക്കീർ ഹുസൈനെ ഇന്ന് രാവിലെ വിജിലൻസ് സംഘം നെടുമങ്ങാട് ചാരുംമൂട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.