തൃശൂര്‍: പെരിങ്ങാവിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളി ഷോക്കേറ്റ് വൈദ്യുതി തൂണിൽ കുടുങ്ങി. കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിലെ കരാർ തൊഴിലാളി വില്ലടം സ്വദേശി ഷാജുവിന് ആണ് ഷോക്കേറ്റത്. ഷോക്കേറ്റ് അബോധാവസ്ഥയിൽ തെറിച്ചെങ്കിലും സുരക്ഷാബെൽട്ട് ഇട്ടിരുന്നതിനാൽ താഴെ വീണില്ല. ശരീരത്തിൽ പൊള്ളലേറ്റു. ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഷാജുവിനെ താഴെയെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. ഇതിനിടയിൽ ലൈൻ മാറ്റിക്കൊടുക്കുന്നതിനിടയിലാണ് അപകടം. ട്രാൻസ്ഫോർമറിൽ നിന്നുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നില്ലെന്ന് പറയുന്നു. വയറിലും കാലിലും നെഞ്ചിലുമെല്ലാം ഷാജുവിന് പൊള്ളലേറ്റിട്ടുണ്ട്. സുരക്ഷാ ബെൽട്ട് ഇട്ടിരുന്നുവെങ്കിലും കയ്യുറയടക്കമുള്ള സുരക്ഷാ കവചകങ്ങൾ ധരിച്ചിരുന്നില്ല. ഇതിനിടെ, ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.