ആനയെ കണ്ട് ബസ് നിര്‍ത്തിയെങ്കിലും മുമ്പോട്ട് പോയ ആന തിരികെ എത്തി ബസ് ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് മൂഴിയാറിന് പോകുകയായിരുന്ന ബസാണ് കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നത്.

ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം ഉണ്ടായത്. ആങ്ങമൂഴി-ഗവി റൂട്ടില്‍ ചോരകക്കി ഭാഗത്ത് വച്ചാണ് കാട്ടാന ബസിനെ ആക്രമിച്ചത്. ആനയെ കണ്ട് ബസ് നിര്‍ത്തിയെങ്കിലും മുമ്പോട്ട് പോയ ആന തിരികെ എത്തി ബസ് ആക്രമിക്കുകയായിരുന്നു. ഗ്ലാസ് തകര്‍ന്ന് വീണതോടെ ആന ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞു.

എന്നാല്‍ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. കണ്ടക്ടറെയും ഡ്രൈവറെയും കൂടാതെ ആറ് യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കില്ല. വെഞ്ഞാറമൂട് ഡിപ്പോയുടെ കീഴിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്.