Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി; റോഡരികിലേക്ക് ഇടിച്ചിറക്കി ഡ്രൈവര്‍, ഒഴിവായത് വലിയ അപകടം

ബസിൽ നിറയെ യാത്രക്കാർ, കുത്തനെയുള്ള ഇറക്കത്തിന് തൊട്ടുമുമ്പാണ് ബ്രേക്ക് നഷ്ടപ്പെട്ടത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. സമയോചിതമായി ഇടപെട്ടതോടെ ഒഴിവായത് വൻദുരന്തം..

ksrtc bus lose brake while trip in Wayanad prm
Author
First Published Mar 22, 2023, 7:52 AM IST

മാനന്തവാടി: ഓടിക്കൊണ്ടിരിക്കെ ബ്രേക്ക് തകരാറിലായപ്പോഴും മനോധൈര്യം കൈവിടാതെ കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലേക്ക് ഇടിച്ചുനിര്‍ത്തി വന്‍ അപകടം ഒഴിവാക്കി ഡ്രൈവര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ നിറയെ യാത്രക്കാരുമായി മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുകായായിരുന്ന ബസിന്റെ ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ സമയോചിത ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്. ബ്രേക്കിംഗ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് ഗണേഷ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് തിരിച്ചത്.

ഇതോടെ മുന്‍ചക്രങ്ങള്‍ മണ്ണിലാഴ്ന്ന് വാഹനം നില്‍ക്കുകയായിരുന്നു. കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാം മൈല്‍ മൊക്കത്ത് വെച്ചായിരുന്നു സംഭവം. പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്ന സംസ്ഥാന പാതയിലെ മൊക്കത്ത് നിന്നും ബസ്സില്‍ ആളെ കയറ്റി മുന്നോട്ട് പോകവെ റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് ബ്രേക്ക് സംവിധാനം നഷ്ടമായകാര്യം ഗണേശ് ബാബു അറിയുന്നത്. തൊട്ടു മുന്നില്‍ കുത്തനെയുള്ള ഇറക്കമാണ്.

ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു. അപകടം വഴിമാറിയതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാര്‍. ബസ്സുകളുടെ കാര്യക്ഷമത യഥാസമയം പരിശോധിക്കാത്തതാണ് അടിക്കടി  ഉണ്ടാകുന്ന കെ.എസ്.ആര്‍.ടി.സി അപകടങ്ങള്‍ക്ക് കാരണമെന്നാണ് ചില യാത്രക്കാരുടെ ആരോപണം. 
 

Follow Us:
Download App:
  • android
  • ios