കൽപ്പറ്റ: സ്പെയർപാർട്സും ടയറുമില്ലാതെ വിശ്രമത്തിലാണ് മാനന്തവാടി ഡിപ്പോയിലെ  കെ.എസ്.ആർ.ടി.സി ബസുകൾ. സ്പെയർ പാർട്സുകളുടെ ക്ഷാമം കാരണം എൻജിനുകൾ തകരാർ പരിഹരിച്ച് കിട്ടാത്തതിനാൽ ഇരുപത് ബസുകളാണ് കഴിഞ്ഞ ദിവസം ഡിപ്പോയിൽ നിർത്തിയിടേണ്ടി വന്നത്. ഇതിൽ തന്നെ ആറ് ബസുകൾ എൻജിനില്ലാത്തത് കാരണം ആറുമാസത്തോളമായി കട്ടപ്പുറത്താണ്. 

കോഴിക്കോട്, എടപ്പാൾ റീജണൽ വർക്ക്‌ഷോപ്പുകളിൽ നിന്നാണ് എൻജിനുകൾ തകരാർ പരിഹരിച്ച് എത്തിക്കേണ്ടത്. തകരാറിലാവുന്ന എൻജിനുകൾ ഡിപ്പോയിൽനിന്ന്‌ റീജണൽ വർക്ക്‌ഷോപ്പുകളിൽ എത്തിക്കും. റീജണൽ വർക്ക്‌ഷോപ്പുകളിൽനിന്ന്‌ എൻജിൻ റീ-കണ്ടീഷൻ ചെയ്ത് ഡിപ്പോകളിലേക്ക് തിരികെയെത്തിക്കുകയാണ് ചെയ്യുക. മുമ്പ് ആഴ്ചകൾക്കുള്ളിൽ തന്നെ തകരാറിലായ എൻജിനുകൾ തകരാർ പരിഹരിച്ച് ലഭിക്കുമായിരുന്നു. റീജണൽ വർക്ക്‌ഷോപ്പുകളിലും സ്പെയർപാർട്‌സ് ക്ഷാമം വന്നതോടെ മാസങ്ങൾ കാത്തിരുന്നിട്ടും എൻജിൻ ലഭിക്കാത്ത അവസ്ഥയാണ്. ഒപ്പം ടയർ, ഗിയർബോക്സ്, ലീഫ് സെറ്റ് എന്നിവയുടെ ക്ഷാമവും പ്രതിസന്ധി വർധിപ്പിക്കുകയാണ്.

ബസുകളുടെ കുറവ് കാരണം 75 നും 80 നും ഇടക്കുള്ള ഷെഡ്യൂളുകളേ നടത്താൻ കഴിയുന്നുള്ളൂ. കഴിഞ്ഞ തിങ്കളാഴ്ച 77 ഷെഡ്യൂളുകൾ ഓടിച്ചു. ടയറുകൾ കൃത്യസമയത്ത് റീസോൾ ചെയ്ത് കിട്ടാത്തതിനാൽ പെയിന്റിങ് ഉൾപ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയ മാനന്തവാടി-പത്തനംതിട്ട ഡീലക്സ് ബസിന് മോട്ടോർവാഹന വകുപ്പിന്റെ ഓഫീസിലെത്തി ബ്രേക്ക് എടുക്കാൻ പോലുമാവാതെ ഡിപ്പോയിൽ കിടക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു ഫിറ്റ് നെസ് സർട്ടിഫിക്കറ്റ് എടുക്കേണ്ടിയിരുന്നത്.

ശബരിമല സർവീസിനായി മാനന്തവാടി ഡിപ്പോയിൽനിന്ന്‌ ബസുകൾ കൊണ്ടുപോയത് കാരണം മാനന്തവാടി- കോഴിക്കോട് ടി.ടി. ഫാസ്റ്റ് സർവീസ് ഒന്നായി ചുരുങ്ങി. കോഴിക്കോട്ടേക്ക് നാല് ടി.ടി. ഫാസ്റ്റ് സർവീസുകളാണ് ഉണ്ടായിരുന്നത്. ഡിപ്പോയിൽനിന്ന് മൂന്ന് ജനറം ബസുകളും മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് ശബരിമല സർവീസിനായി കൊണ്ടുപോയത്.