തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ 60കാരിയുടെ ജീവൻ രക്ഷിച്ചു. 

കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ 60കാരിയുടെ ജീവൻ രക്ഷിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ ബസ് റൂട്ടിൽ നിന്ന് വഴിമാറി, ഉടൻ വൈദ്യസഹായം ഉറപ്പാക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചു.

ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബിൽ ബസിൽ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ബോധരഹിതയായി.
വയോധികയുടെ സമീപത്തിരുന്ന സഹയാത്രികൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ലിതിൻ, കണ്ടക്ടർ ലെനിൻ ശ്രീനിവാസൻ എന്നിവർ ഉടൻ തന്നെ വാഹനം വഴിതിരിക്കാൻ തീരുമാനിച്ചു.

"സ്ത്രീ കുഴഞ്ഞുവീണപ്പോൾ ഒരു യാത്രക്കാരൻ ഞങ്ങളെ അറിയിച്ചു. ലേക്‌ഷോർ ആശുപത്രി സമീപത്തുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നതിനാൽ, വണ്ടിയിലെ യാത്രക്കാരെ അറിയിച്ചതിന് ശേഷം ഞങ്ങൾ വഴിതിരിച്ചുവിടാൻ തീരുമാനിച്ചു," ഇരുവരും പറഞ്ഞു.

ഹൃദയസ്തംഭനത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച സ്ത്രീയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു അടിയന്തര വൈദ്യസഹായം നൽകി. സമയം വൈകിപ്പിക്കാതെയുള്ള ചികിത്സയാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്. രോഗിയുടെ ആരോഗ്യനിലയറിയാൻ ഏകദേശം 30 മിനിറ്റോളം ബസ് ആശുപത്രിയിൽ കാത്തുനിന്നതിന് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര തുടർന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഡ്രൈവറും കണ്ടക്ടറും സന്തോഷം പ്രകടിപ്പിച്ചു. ബസിൻ്റെ ഡാഷ് ക്യാമിലെ ദൃശ്യങ്ങൾ ആശുപത്രിയിലേ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ, എന്നിവ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലുമായി.

Boby Chemmanur | Honey Rose | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്