ബസ് നന്തിക്കര പഞ്ചായത്തിന് സമീപം ഒരേ ദിശയിൽ പോവുകയായിരുന്ന ലോറിയിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു.
തൃശൂര്‍: പുതുക്കാട് നന്തിക്കരയ്ക്ക് സമീപം കെഎസ്ആർടിസി ബസ് ലോറിയുമായുണ്ടായ അപകടത്തി കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും നീക്കം ചെയ്തു. ഇന്നലെ കെഎസ്ആർടിസി പാലാ ഡിപ്പോയിൽ നിന്ന് സർവീസ് പോയ RPK 987നമ്പർ സൂപ്പർഫാസ്റ്റ് ബസ് നന്തിക്കര പഞ്ചായത്തിന് സമീപം ഒരേ ദിശയിൽ പോവുകയായിരുന്ന ലോറിയിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന മറ്റൊരു ലോറിയിലും ബൈക്കിലും ഇടിച്ച് അപകടം ഉണ്ടാവുകയും ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്കുപറ്റുകയും ചെയ്തിരുന്നു.
ഈ വിഷയത്തെ സംബന്ധിച്ച് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്ആർടിസി പാലാ ഡിപ്പോയിലെ RPK 987 സൂപ്പർ ഫാസ്റ്റ് ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതോടെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.
നടപടികൾ കടുപ്പിച്ച് കെഎസ്ആർടിസി
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിലും കെഎസ്ആർടിസി നടപടി സ്വീകരിച്ചിരുന്നു. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546(SF) ബസിൽ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
ഈ വിഷയത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് നിലനിൽക്കെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണര്‍ വ്യക്തമാക്കി.


