കുമളി: വോൾവോ, സ്‌കാനിയ ബസുകള്‍ക്ക് പുറമേ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസില്‍ കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി. കെഎസ്ആർടിസിയുടെ കുമളി  കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാര്‍ക്കാണ് കുപ്പിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. യാത്രികർക്ക് കുടിവെള്ളം നൽകുന്നത് ഈ ബസ്സിലെ ജീവനക്കാരാണ്. 

സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസിയുടെ  പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം പോലുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവുക. ജീവനക്കാരുടെ സേവനത്തിന് പൂർണ്ണ പിന്തുണയും സഹായ സഹകരണങ്ങളുമായി കുമളിയിലെ കെഎസ്ആർടിസി ഫാൻസും, കെഎസ്ആർടിസി കുമളി ഡിപ്പോയിലെ ജീവനക്കാരും, കുമളി- കൊന്നക്കാട് സൂപ്പർഫാസ്റ്റ് വാട്ട്സാപ്പ് കൂട്ടായ്മയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 

കുമളിയിൽ നിന്നും ദിവസേന വൈകുന്നേരം 5 മണിയ്ക്ക് പുറപ്പെടുന്ന ഈ ബസ് കുട്ടിക്കാനം, മുണ്ടക്കയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ചെറുപുഴ വഴി കൊന്നക്കാട് എത്തുക. കൊന്നക്കാട് നിന്നും വൈകുന്നേരം 5.30 നു എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 7.50 നു കുമളിയിൽ എത്തിച്ചേരുന്ന രീതിയിലാണ് ഈ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരെ കയ്യേറ്റം ചെയ്യുന്ന സ്വകാര്യ ബസ് സര്‍വ്വീസുകളെ കുറിച്ച് വ്യാപകമായി പരാതി ഉയരുന്ന സമയത്താണ് യാത്രക്കാരുടെ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ സേവനം കയ്യടി നേടുന്നത്.