തീരുമാനം നടപ്പിലായാല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍
മലപ്പുറം : കെഎസ്ആര്‍ടിസി ജില്ലാ ഓഫീസ് മലപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം. തീരുമാനം നടപ്പിലായാല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍. പുതിയ ക്ലസ്റ്റര്‍ സംവിധാനത്തിന്റെ ഭാഗമായാണ് ഡിപ്പോ ഓഫീസുകൾ മാറ്റുന്നത്. ഉത്തരവ് നിലവില്‍ വരുന്നതോടെ നാല് ഡിപ്പോകളുടെയും ഭരണ നിര്‍വഹണം പെരിന്തല്‍മണ്ണ ഓഫീസിന് കീഴിലാകും. മലപ്പുറം ഡിപ്പോ വികസനം അനന്തരമായി നീണ്ടതോടെയാണ് ജില്ലാ ആസ്ഥാന പദവിക്ക് കുറച്ചുകൂടി സൗകര്യമുള്ള പെരിന്തല്‍മണ്ണയ്ക്ക് നറുക്ക് വീണ്ടത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന മലപ്പുറം ഡിപ്പോയില്‍ നിന്നും സംസ്ഥാനത്തിന് പുറത്തേക്കുള്ളത് ഉള്‍പ്പടെ 28 സര്‍വീസുകള്‍ ഓടുന്നുണ്ട്. ഓഫീസ് മാറ്റം സര്‍വീസുകളെ ബാധിക്കുമോ എന്നതാണ് ആശങ്ക. എന്നാല്‍ ജോലി കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്നും സര്‍വീസുകളെ കുറിച്ച് ആശങ്ക വേണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
