ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപത്തായി നാല് കുത്തിയോട്ടങ്ങളാണ് ഇക്കൊല്ലം ഉള്ളത്. ഉച്ചക്കുള്ള വഴിപാട് സദ്യ കഴിക്കാനും വൈകിട്ട് കുത്തിയോട്ട ചുവടും പാട്ടും കാണാനും കേൾക്കാനും എത്തുന്നത് പതിനായിരങ്ങളാണ്.
ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭ ഭരണി വന്നെത്തിയതോടെ ഓണാട്ടുകരയിൽ ഇനി തിരക്കിന്റെ നാളുകളാണ്. കരകളിലെങ്ങും ജനങ്ങളൊന്നാകെ കെട്ടുകാഴ്ച നിർമ്മാണത്തിൽ മുഴുകുമ്പോൾ കാഴ്ചകൾ കാണാനും കുതിരമൂട്ടിൽ കഞ്ഞി കുടിക്കാനും നാടിന്റെ നാനാ ഭാഗത്തുനിന്നുള്ളവർ ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും. കുത്തിയോട്ട വീടുകളിൽ ആദ്യദിവസങ്ങളിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപത്തായി നാല് കുത്തിയോട്ടങ്ങളാണ് ഇക്കൊല്ലം ഉള്ളത്. ഉച്ചക്കുള്ള വഴിപാട് സദ്യ കഴിക്കാനും വൈകിട്ട് കുത്തിയോട്ട ചുവടും പാട്ടും കാണാനും കേൾക്കാനും എത്തുന്നത് പതിനായിരങ്ങളാണ്.

കുതിരമൂട്ടിൽ കഞ്ഞി കുടിക്കാൻ വൻ ഭക്തജനത്തിരക്കാണ്. ദേവി ആദ്യം ചെട്ടികുളങ്ങരയിൽ എത്തിയപ്പോൾ കഴിച്ച ആഹാരം കഞ്ഞിയും മുതിരപ്പുഴുക്കും അസ്ത്രവുമാണെന്നാണ് ഐതിഹ്യം പറയുന്നത്. പിന്നീട് ഓണാട്ടുകരയിലെ കർഷക സമൂഹം തങ്ങളുടെ വിളകളിൽ പ്രധാനമായ അരി, ചേന, കാച്ചിൽ, ചേമ്പ്, മുതിര തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന വിശിഷ്ട വിഭവം ആഘോഷനാളുകളിൽ തങ്ങളുടെ എല്ലാമെല്ലാമായ ഭഗവതിയ്ക്കായി നേദിക്കുന്നു എന്നതാണ് കുതിരമൂട്ടിൽ കഞ്ഞിയുടെ സങ്കല്പം. കെട്ടുകാഴ്ച നിർമ്മാണത്തോടനുബന്ധിച്ചു നടത്തുന്ന അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി.
കെട്ടുകാഴ്ച നിർമ്മാണം തുടങ്ങിയ ശിവരാത്രി നാൾ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. കഞ്ഞി, മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുന്നത്. കഞ്ഞികുടിയ്ക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനില വെച്ചാണ് ചൂട് കഞ്ഞി വിളമ്പുന്നത്. ഓണാട്ടുകരയിലെ ഭവനങ്ങളിൽ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്.
ഉണങ്ങിയ കൊഞ്ചും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി കുംഭഭരണി നാളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ്. കുംഭഭരണിയടുത്തതോടെ കൊഞ്ചും മാങ്ങയും കടകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. കുംഭഭരണിയും കൊഞ്ചും മാങ്ങയും തമ്മിലുളള ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്.
കൊഞ്ചും മാങ്ങയും ചേർത്തുളള കറി പാചകം ചെയ്ത് കൊണ്ടിരുന്ന വീട്ടമ്മ കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർത്ഥിച്ചിട്ട് കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. കുത്തിയോട്ട വരവ് കണ്ടുനിന്ന് അടുപ്പത്തിരുന്ന കറിയുടെ കാര്യം മറന്ന വീട്ടമ്മ നേരമേറെക്കഴിഞ്ഞപ്പോൾ കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് ഓടിയെത്തിയപ്പോൾ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്. ഇത് നാട്ടിലാകെ പ്രചരിച്ചു. ഇതോടെ കൊഞ്ചുംമാങ്ങ കരകളിലെ ഇഷ്ടവിഭവമായി.
