73 വയസ്സുള്ള ഇദ്ദേഹം കഴിഞ്ഞ എട്ട് വര്‍ഷമായി കഴിച്ചുവരുന്ന മരുന്നുകളുടെ കവറുകള്‍ ഒന്നുപോലും ഉപേക്ഷിക്കാതെ സൂക്ഷിച്ചുവരികയാണ്. ഓരോ കവറും തന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തെയും അനുഭവത്തെയും ഓര്‍മിപ്പിക്കുന്ന രേഖകളാണെന്നാണ് കുഞ്ഞിമുഹമ്മദിന്റെ കാഴ്ചപ്പാട്.

മലപ്പുറം: മറ്റുള്ളവര്‍ ഉപയോഗശൂന്യമെന്ന് കരുതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന മരുന്നുകവറുകളില്‍ ജീവിതത്തിന്റെ ഓര്‍മകള്‍ കണ്ടെത്തുകയാണ് ചുങ്കത്തറ തൊടുവില്‍ കുഞ്ഞിമുഹമ്മദ്. 73 വയസ്സുള്ള ഇദ്ദേഹം കഴിഞ്ഞ എട്ട് വര്‍ഷമായി കഴിച്ചുവരുന്ന മരുന്നുകളുടെ കവറുകള്‍ ഒന്നുപോലും ഉപേക്ഷിക്കാതെ സൂക്ഷിച്ചുവരികയാണ്. ഓരോ കവറും തന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തെയും അനുഭവത്തെയും ഓര്‍മിപ്പിക്കുന്ന രേഖകളാണെന്നാണ് കുഞ്ഞിമുഹമ്മദിന്റെ കാഴ്ചപ്പാട്.

മരുന്ന് കഴിച്ച ദിവസവും അതിനുപിന്നിലെ സാഹചര്യങ്ങളും ഓര്‍മിപ്പിക്കുന്നതിനാല്‍ കവറുകള്‍ക്ക് ഇദ്ദേഹത്തെ സംബന്ധിച്ച് പ്രത്യേക സ്ഥാനമുണ്ട്. സാധാരണ മാലിന്യമായി കാണുന്ന വസ്തുവിനെ ഓര്‍മകളുടെ ഭാഗമായി മാറ്റിയെടുത്തതാണ് കുഞ്ഞിമുഹമ്മദിന്റെ ശേഖരണത്തിന്റെ പ്രത്യേകത. വര്‍ഷങ്ങളായി സൂക്ഷിച്ച കവറുകള്‍ ക്രമമായി പരിപാലിച്ചുവരികയും ചെയ്യുന്നു.

മരുന്നുകവറുകളില്‍ മാത്രം ഒതുങ്ങുന്നതല്ല കുഞ്ഞിമുഹമ്മദിന്റെ ശേഖരണത്തോടുള്ള താല്‍പര്യം. ആദ്യകാല വ്യാപാരിയായിരുന്ന ഇദ്ദേഹം സംഗീതത്തോടും മനുഷ്യരോടുമുള്ള അടുപ്പവും ശേഖരണശീലത്തിലൂടെ കാത്തുസൂക്ഷിച്ചു. ഒരുകാലത്ത് ആയിരത്തിലധികം ഓഡിയോ കാസറ്റുകളും നിരവധി സി.ഡികളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. കേള്‍ക്കുന്നതിനായി പലരും കൊണ്ടുപോയതില്‍ ഭൂരിഭാഗവും പിന്നീട് തിരികെ ലഭിക്കാതായതോടെ ആ വലിയ ശേഖരത്തിന് കുറവുവന്നു.

എന്നാല്‍, ശേഖരിക്കാനുള്ള താല്‍പര്യം അവിടെ അവസാനിച്ചില്ല. ജീവിതയാത്രയ്ക്കിടെ കണ്ടുമുട്ടിയ ആയിരത്തിലധികം ആളുകളുടെ ചിത്രങ്ങളും കുഞ്ഞിമുഹമ്മദ് ഡിജിറ്റലായി ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്. പല കാലങ്ങളിലായി പരിചയപ്പെട്ടവരുടെ ചിത്രങ്ങള്‍ ഇന്നും അദ്ദേഹത്തിന് പഴയ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും ഓര്‍മകളാണ്. വഴിയില്‍ കണ്ടുമുട്ടിയ മനുഷ്യരോടുള്ള സ്‌നേഹവും അവരുമായി പങ്കിട്ട നിമിഷങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് ചിത്രങ്ങള്‍ സൂക്ഷിക്കുന്നതെന്ന് കുഞ്ഞിമുഹമ്മദ് പറയുന്നു.

സാധാരണ വസ്തുക്കളില്‍ പോലും ഓര്‍മകളുടെ മൂല്യം കണ്ടെത്തുന്ന കുഞ്ഞിമുഹമ്മദിന്റെ ശേഖരണശീലം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമാണ്. പഴയ വസ്തുക്കളെയും മനുഷ്യബന്ധങ്ങളെയും മറന്നുകളയാതെ സൂക്ഷിക്കണമെന്ന ചിന്തയാണ് ഓരോ ശേഖരണത്തിനും പിന്നിലെന്നും ഇദ്ദേഹം പറയുന്നു.

ചുങ്കത്തറ യങ് മെന്‍സ് ലൈബ്രറിയുടെ സജീവ പ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദ് വായനയുടെയും സാമൂഹിക ഇടപെടലുകളുടെയും ഭാഗമായി ഇന്നും സജീവമാണ്. മരുന്നുകവറുകളും പഴയ സംഗീതശേഖരവും മനുഷ്യരുടെ ചിത്രങ്ങളുംവ്യത്യസ്ത രൂപങ്ങളിലുള്ള ഈ ശേഖരങ്ങളിലെല്ലാം കുഞ്ഞിമുഹമ്മദിന് കാണുന്നത് ഒരേ കാര്യം, കടന്നുപോയ കാലത്തിന്റെ ഓര്‍മകള്‍.