കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തിയര്‍ജ്ജിച്ചതോടെ പമ്പ, മണിമല ആറുകളിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നു. നദീതീരങ്ങളിലും, പാടശേഖര പുറംബണ്ടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ആശങ്കയോടാണ് കഴിയുന്നത്. 

എടത്വാ: മഴ കനത്തതോടെ കുട്ടനാട് പ്രളയഭീതിയില്‍. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വീടുകളില്‍ വെള്ളം കയറിതുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 2018-ലെ പ്രളയസമാനമായ മഴയാണ് കുട്ടനാട്ടില്‍ ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഇന്ന് ഉച്ചയോടെ കാറ്റിനും ഇടിമിന്നലിനൊപ്പം മഴ ശക്തിയര്‍ജ്ജിച്ചു. കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. 

പൊതുഗതാഗതം തടസ്സപ്പെട്ടു. തലവടി, തകഴി, വീയപുരം, മുട്ടാര്‍, പാണ്ടി-പോച്ച, നിരണം പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചില വീടുകള്‍ മുട്ടോളം വെള്ളത്തില്‍ മുങ്ങി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ദുരിത ബാധിതര്‍ തയ്യാറാകുന്നില്ലെങ്കിലും വെളളം ക്രാതീതമായി ഉയരുകയാണ്. ടൗട്ടേ ചുഴലിക്കറ്റിന്റെ പ്രഭാവത്തില്‍ വരുന്ന 20 വരെ ജില്ലയില്‍ കനത്തമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു. മഴ നീണ്ടുനിന്നാല്‍ വീണ്ടുമൊരു പ്രളയമെത്താന്‍ സാധ്യതയുണ്ടെന്ന് കുട്ടനാട്ടുകാര്‍ ആശങ്കപ്പെടുന്നു. 

കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തിയര്‍ജ്ജിച്ചതോടെ പമ്പ, മണിമല ആറുകളിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നു. നദീതീരങ്ങളിലും, പാടശേഖര പുറംബണ്ടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ആശങ്കയോടാണ് കഴിയുന്നത്. ജലാശയത്തിലെ വെള്ളത്തിന്റെ വരവ് ശക്തിയര്‍ജ്ജിച്ചാല്‍ വീടുകള്‍ ഒഴുക്കില്‍ പെടാന്‍ സാധ്യതയുണ്ട്. പാടശേഖര നടുവിലെ താമസക്കാരും ഒറ്റപ്പെട്ട അവസ്ഥയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതം നിലച്ചതോടെ ബന്ധുവീടുകളിലേയ്‌ക്കോ, പൊക്കപ്രദേശങ്ങളിലേയ്‌ക്കോ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് മാറാന്‍ കഴിയാത്ത അവസ്ഥയാണ്. 

സന്നദ്ധ പ്രവര്‍ത്തനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടനകളും, ജനപ്രതിനിധികളും മറന്ന മട്ടിലാണ്. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരുകുടുംബം മാത്രമാണ് എത്തിയത്.