ആലപ്പുഴ: കുട്ടനാട്ടിലെ മുതുമുത്തശ്ശി മീനാക്ഷിയമ്മയ്ക്ക് ക്രിസ്മസ് സ്നേഹ സമ്മാനവുമായി കുട്ടനാട് ഫിലിം ക്ലബ്. കൈനകരി റ്റില്ലിത്തറച്ചിറ വീട്ടിൽ നൂറ്റിയഞ്ചു് വയസ്സുകാരി മീനാക്ഷിയമ്മയ്ക്കാണ് കുട്ടനാട് ഫിലിം ക്ലബ് ക്രിസ്മസ്സ് സ്നേഹ സമ്മാനമായി കേക്ക് നല്‍കിയത്. 

കേക്ക് സ്വീകരിച്ച ശേഷം കുട്ടനാടിന്റെ മുതുമുത്തശ്ശി ക്ലബ് അംഗങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. കുട്ടനാട്ടിലെ എറ്റവും പ്രായം കൂടിയ സ്ത്രീയാണ് മീനാക്ഷിയമ്മ. നൂറ്റിയഞ്ചു് വയസ്സായെങ്കിലും, ആരോഗ്യവതിയാണ് ഇവർ. പഴയകാല കുട്ടനാടിന്റെ ചിത്രം ഇപ്പോഴും ഇവരുടെ മനസ്സിൽ തിളങ്ങി വരും.

ഇരുപത്തിനാലായിരം പാടശേഖരങ്ങളിൽ കൊയ്ത്ത് പാട്ടു പാടി നെല്ല് കൊയ്ത് നടന്ന നല്ലകാലം അവർ ഓർമ്മിക്കും. അന്ന് ശരിക്കും മഹാബലിയുടെ നാട് കുട്ടനാടായിരുന്നു എന്ന് മീനാക്ഷിയമ്മ വിറയാർന്ന ശബ്ദത്തിൽ പറയുന്നു. കുട്ടനാട്ടിലെ നല്ല കൊയ്ത്തുകാരി എന്ന് പേരുള്ള മീനാക്ഷിയമ്മയ്ക്ക് കർഷക പെൻഷൻ ലഭിയ്ക്കുന്നുണ്ട്. 

ഇവർക്ക് പൊന്നമ്മ എന്ന ഒരു മകൾ മാത്രമാണുള്ളത്. കൈനകരിയിലെ കുടുംബ വീട്ടിൽ അനുജത്തിയുടെ മകളോടൊപ്പമാണ് ഇപ്പോൾ താമസം. സ്നേഹ സമ്മാനമായി കേക്ക് സ്വീകരിച്ച ശേഷം അത് കട്ട് ചെയ്ത് ക്ലബ് അംഗങ്ങൾക്കും, നാട്ടുകാർക്കും വിതരണം ചെയ്യുകയും ചെയ്തു കുട്ടനാടിന്റെ മുത്തശ്ശി.