ശക്തമായ മഴയില്‍ കുട്ടനാട് മുങ്ങുന്നു. മഴയെ അവഗണിച്ചും  രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. താലൂക്കിലെ വിവിധ പ്രദേങ്ങളില്‍ നിന്നും ആയിരത്തോളം പേരെ ഇന്നലെ രാത്രിയോടെ ആലപ്പുഴയിലെത്തിച്ചു.  കുട്ടനാട്ടിലെ  പല ഭാഗങ്ങളിലും ജലനിരപ്പ്  ഇപ്പോഴും ഉയര്‍ന്നനിലയിലാണ്. വേമ്പനാട്ട് കായലില്‍ ജലനിരപ്പ് ഉയരുന്നത് കുട്ടനാടിനെ വീണ്ടും പ്രതിസന്ധിയിലാക്കും. 

ആലപ്പുഴ : ശക്തമായ മഴയില്‍ കുട്ടനാട് മുങ്ങുന്നു. മഴയെ അവഗണിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. താലൂക്കിലെ വിവിധ പ്രദേങ്ങളില്‍ നിന്നും ആയിരത്തോളം പേരെ ഇന്നലെ രാത്രിയോടെ ആലപ്പുഴയിലെത്തിച്ചു. കുട്ടനാട്ടിലെ പല ഭാഗങ്ങളിലും ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്നനിലയിലാണ്. വേമ്പനാട്ട് കായലില്‍ ജലനിരപ്പ് ഉയരുന്നത് കുട്ടനാടിനെ വീണ്ടും പ്രതിസന്ധിയിലാക്കും. 

ജില്ലയിലെത്തിയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളില്‍ രണ്ട് സംഘങ്ങളെ ചെങ്ങന്നൂരിലും ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാര്‍, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്. ധനമന്ത്രി തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ പുളിങ്കുന്നില്‍ നിന്ന് നാനൂറോളം പേരെ ജങ്കാറില്‍ കയറ്റി സുരക്ഷിത മേഖലയിലേക്ക് അയച്ചു. മങ്കൊമ്പ്, വെളിയനാട്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, എടത്വ എന്നിവിടങ്ങളിലേക്ക് ഹൗസ് ബോട്ടുകള്‍, ശിക്കാര, സ്പീഡ് ബോട്ട് എന്നിവ അയച്ചിട്ടുണ്ട്. ബോട്ടുകള്‍ നിശ്ചിത സ്ഥലങ്ങളിലെത്തി ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. 

കൈനകരി, നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 1000 പേരെ ആലപ്പുഴയിലെത്തിച്ചു. ഇനിയും 200 ഓളം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റാനുണ്ട്. ഇന്നലെ നെടുമുടിയില്‍ 3 ഇടത്ത് മട വീണു. നെടുമുടി കൊട്ടാരം സ്‌കൂളിലെ ക്യാമ്പില്‍ വെള്ളം കയറി. തണ്ണീര്‍മുക്കം ബണ്ടിന്‍റെ 90 ഷട്ടറുകള്‍ നിലവിലെ 5 മീറ്ററില്‍ നിന്ന് 40 സെമി ഉയര്‍ത്തി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയതിനാല്‍ ദേശീയ പാതയില്‍ ഗതാഗതം ചെറിയരീതിയില്‍ സ്തംഭനമുണ്ടാക്കി. 

 കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ 500 ഓളം കുടുംബങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ജലനിരപ്പുയരുന്നതിനാല്‍ കുട്ടനാട്ടില്‍ മടവീഴ്ചയും വ്യാപകമായിട്ടുണ്ട്. ഇന്നത്തോടെ എല്ലാവരെയും കുട്ടനാടില്‍ നിന്നും സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.