ആലപ്പുഴ: കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ടിലായി. വെള്ളവും ശക്തമായ വേലിയേറ്റവും ഒരുപോലെയെത്തിയതോടെയാണ് ജനങ്ങള്‍ ദുരിതത്തിലായത്. വൈകുന്നേരത്തോടെ ഉയര്‍ന്ന് പോകുന്ന ജലനിരപ്പ് രാവിലേയോടെയാണ് താഴുന്നത്. രാമങ്കരി, മുട്ടാര്‍, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം,കാവാലം ,കൈനകരി പഞ്ചായത്തുകളേയാണ് വേലിയേറ്റം ബാധിച്ചിരിക്കുന്നത്.

താഴ്ന്ന ഭാഗങ്ങലെല്ലാം ഇപ്പോള്‍ ചെറിയ വെള്ളപ്പൊക്കത്തിന്‍റെ പ്രതീതിയിലാണ്. രണ്ടാംകൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളും പുഞ്ചക്കൃഷിയ്ക്കായി നിലമൊരുക്കലിന്‍റെ ഭാഗമായി പമ്പിംഗ് പുരോഗമിക്കുന്ന പാടശേഖരങ്ങളും മടവീഴ്ചയുടെ നിഴലിലാണ്. കൃഷിയില്ലാത്ത പ്രദേശങ്ങളില്‍ നാട്ടുവഴികളില്‍ വെള്ളം കയറിയത് കാല്‍നടയാത്രയ്ക്കും ഇരുചക്രവാഹനയാത്രയ്ക്കും തടസമായി.

എ സി റോഡില്‍ ഒന്നാങ്കര ഭാഗത്ത് വെള്ളം കറി. ജലനിരപ്പ് ഉയര്‍ന്നതോടെ രാമങ്കരി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് വെള്ളത്തിലാണ്. സന്ധ്യകഴിഞ്ഞ് സമീപത്ത് നിന്നുള്ള പാടശേഖരങ്ങളില്‍ നിന്ന് വെള്ളം ശക്തിയായി ഒഴുകിയെത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കിടങ്ങറ- നീരേറ്റുപുറം റോഡില്‍ കുമരം ചിറ പള്ളിക്ക് സമീപവും വെള്ളക്കെട്ടുണ്ട്.