Asianet News MalayalamAsianet News Malayalam

'കൂലി ഇത്രയേ തരൂ'; ഇതരസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ ഏജന്‍റുമാരുടെ മ‍ർദ്ദനം

തുടർമർദ്ദനം ഭയന്ന് തൊഴിലാളികളിൽ ചിലർ ബംഗാളിലേക്ക് തിരിച്ച് പോയി. സമാന ജോലിയ്ക്ക് മലയാളികൾക്ക് ഉയർന്ന കൂലി നൽകുമ്പോഴാണ് കൂലി വെട്ടിക്കുറച്ചുള്ള വിവേചനമെന്ന് ഇതരസംസ്ഥാന തൊഴിലാളികൾ

labor agents attacked other states workers in muvattupuzha
Author
Muvattupuzha, First Published Jun 20, 2019, 6:07 AM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ ഏജന്‍റുമാരുടെ മ‍ർദ്ദനം. കൂലി വെട്ടിക്കുറച്ച് കവലകളിൽ ബോർഡ് വച്ചതിന് ശേഷം കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാൻ തയ്യാറാകാതിരുന്നവരെയാണ് മർദ്ദിച്ചത്. പൊലീസ് ഇടപെട്ട് ബോർഡ് നീക്കിയെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഹെൽപ്പർക്ക് 600 രൂപ, മൈക്കാടിന് 650, മേസണ് 800 രൂപ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇനി ഇത്രയും കൂലി നൽകിയാൽ മതിയെന്നാണ് തൊഴിൽ ഏജന്‍റുമാരുടെ തിട്ടൂരം. പത്ത് ദിവസം മുമ്പാണ് മൂവാറ്റുപുഴയിലെ വിവിധ ഇടങ്ങളിൽ കൂലി ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോൺട്രാക്ടർ അസോസിയേഷന്‍റെ തീരുമാനം ബംഗാളി ഭാഷയിലും രേഖപ്പെടുത്തിയിരിക്കുന്നു. 

എന്നാൽ, സ്ഥിരം കിട്ടുന്നതിൽ നിന്ന് 150 രൂപ കുറച്ചുള്ള കൂലിയ്ക്ക് പണിയെടുക്കാൻ തൊഴിലാളികൾ തയ്യാറായില്ല. ഇതോടെ പ്രതിഷേധിച്ചവരെ ഏജന്‍റുമാർ മർ‍ദ്ദിക്കുകയായിരുന്നു. തുടർമർദ്ദനം ഭയന്ന് തൊഴിലാളികളിൽ ചിലർ ബംഗാളിലേക്ക് തിരിച്ച് പോയി. സമാന ജോലിയ്ക്ക് മലയാളികൾക്ക് ഉയർന്ന കൂലി നൽകുമ്പോഴാണ് കൂലി വെട്ടിക്കുറച്ചുള്ള വിവേചനമെന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പറയുന്നു.

പൊലീസിൽ പരാതി നൽകിയതോടെ ബോർഡുകൾ അപ്രത്യക്ഷമായി. എന്നാൽ, മർദ്ദിച്ചവരെ കസ്റ്റഡിയിലെടുത്തില്ല. തൊഴിൽ തർക്കം സംബന്ധിച്ച പരാതിയാണ് ലഭിച്ചതെന്നും ഇതിൽ ഇടപെടാനാകില്ലെന്നുമുള്ള നിലപാടിലാണ് പൊലീസ്. തൊഴിൽ വകുപ്പിനെ ബന്ധപ്പെട്ടപ്പോൾ ബോ‍ർഡ് നീക്കാൻ നിർദ്ദേശം നൽകിയെന്നാണ് മറുപടി.

Follow Us:
Download App:
  • android
  • ios