കല്‍പ്പറ്റ: ലോകത്തിലെ ഏറ്റവും നീളം കൂടിയ വെണ്ട നട്ടുപിടിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് മാനന്തവാടി പാലക്കുളയിലെ തച്ചറോത്ത് ബാബു. കോഫി ബോര്‍ഡ് ലെയ്‌സന്‍ ഓഫീസറായി വിരമിച്ച ഇദ്ദേഹം പ്രദേശത്തെ അറിയപ്പെടുന്ന ജൈവ കര്‍ഷകനാണിപ്പോള്‍. പേരാമ്പ്രയിലെ സഹോദരന്റെ പക്കല്‍ നിന്നും എത്തിച്ച 'ആനക്കൊമ്പന്‍' ഇനത്തില്‍പ്പെട്ട വെണ്ടയാണ് ഇപ്പോള്‍ ലോക റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുന്നത്. 

21 ഇഞ്ച് നീളമാണ് വെണ്ടയ്ക്കുള്ളത്. നിലവില്‍ ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ 17 ഇഞ്ച് നീളമുള്ള വെണ്ടയാണ് ഇടം പിടിച്ചിട്ടുള്ളത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം മുഴുവന്‍ സമയവും കൃഷിയിലേക്ക് ഇറങ്ങിയ ബാബുവിന്, പച്ചക്കറികളും വാഴയും കാപ്പിയുമെല്ലാമാണ് പ്രധാന കൃഷികള്‍. വെണ്ടയുടെ അസാധാരണ നീളം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാനന്തവാടി കൃഷി ഓഫീസര്‍ എ.ടി. ബിനോയിയെ വിവരം അറിയിച്ചു. വെണ്ട ഇത്രയും വലിപ്പം വെക്കുന്നത് അപൂര്‍വ്വമാണെന്നും ലോക റെക്കോര്‍ഡിനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹമാണ് ബാബുവിനോട് പറഞ്ഞത്. 

വിത്തിന് വേണ്ടി നിര്‍ത്തിയ വെണ്ട വിചാരിക്കാതെ വളരുന്നത് കണ്ടപ്പോഴാണ് റെക്കോര്‍ഡ് ബുക്കില്‍ കേറണമെന്ന മോഹം മനസിലുദിച്ചതെന്ന് ബാബു പറയുന്നു. തക്കാളി, കാബേജ്, ചീര, മുളക്, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങ, പയര്‍, വഴുതന, ചേമ്പ് തുടങ്ങിയവയെല്ലാം ബാബുവിന്റെ കൃഷിത്തോട്ടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്.