വീടിനോട് ചേർന്ന പുറമ്പോക്കിൽ ഹംസ ഏതാനും വാഴകൾ കൃഷി ചെയ്തിരുന്നു. ഈ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് മറ്റൊരു വിഭാഗം രംഗത്ത് വന്നു.
കോഴിക്കോട്: പുറമ്പോക്ക് ഭൂമിയെ ചൊല്ലി തർക്കത്തെ തുടർന്ന് മാരകായുധങ്ങളുമായി വീട് കയറി അക്രമിച്ചതായി പരാതി. ആക്രമണത്തില്‍ വീട്ടമ്മയ്ക്കും ഗൃഹനാഥനും മക്കൾക്കും ഗുരുതരമായ പരിക്കേറ്റു. കന്നൂട്ടിപ്പാറ വലിയപീടിയേക്കൽ ഹംസയെയും കുടുംബത്തെയുമാണ് ഇന്നലെ രാത്രിയിൽ ഒരു സംഘം വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ചത്.
വീടിനോട് ചേർന്ന പുറമ്പോക്കിൽ ഹംസ ഏതാനും വാഴകൾ കൃഷി ചെയ്തിരുന്നു. ഈ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് മറ്റൊരു വിഭാഗം രംഗത്ത് വന്നു. ഇതോടെ ഇന്നലെ പകൽ റോഡിൽ വെച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി. പിന്നീട് രാത്രിയോടെ കന്നൂട്ടിപ്പാറ വട്ടത്തു മണ്ണിൽ മജീദ്, ഷൗക്കത്തലി, സലീം, ഷരീഫ് എന്നിവർ ചേർന്ന് വാൾ, കമ്പിവടി, സൈക്കിൾ ചെയിൻ മുതലായ മാരകായുധങ്ങളുമായി ഹംസയുടെയും, സമീപത്തെ ഭാര്യ സഹോദരിയുടേയും വീടുകളിൽ കയറി കൊച്ചു കുട്ടികൾ അടക്കമുള്ളവരെ ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നാണ് പരാതി.
ഗുരുതരമായി പരിക്കേറ്റ വലിയ പീടിയേക്കൽ ഹംസ (55), മകൻ ഷമീർ (30 ), എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചിചിരിക്കുകയാണ്. സഫിയ, ആയിശ , സൈബ ,ജംഷീർ എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയും പ്രവേശിപ്പിച്ചു. ഹംസയുടെ കാലിനു പൊട്ടേൽക്കുകയും, തലക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമിസംഘത്തിലുള്ള ഏതാനും പേരും ആശുപത്രിയിൽ ചികിത്സ തേടിയതായാണ് അറിയുന്നത്. സംഭവത്തിൽ താമരശ്ശേരി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
