കോട്ടായി സര്‍ക്കാര്‍ എല്‍പിസ്കൂളിലെ 46 കുട്ടികള്‍ ഇക്കൊല്ലം പഠിക്കാനെത്തുന്നത് ഈ പഴയ ഓഫീസ് കെട്ടിടത്തിലാണ്. 

പാലക്കാട്: കെട്ടിടമില്ലാതെ കുട്ടികളെ വരവേല്‍ക്കാനൊരുങ്ങുന്നൊരു സര്‍ക്കാര്‍ പള്ളിക്കൂടമുണ്ട് പാലക്കാട് കോട്ടായില്‍. സ്വകാര്യ വ്യക്തിയുമായുള്ള സ്വത്ത് തര്‍ക്കമാണ് കോട്ടായി സര്‍ക്കാര്‍ എല്‍പി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ തടസ്സമായത്. പഴയ ഓഫീസ് കെട്ടിടം ക്ലാസ് മുറികളാക്കി താത്കാലിക പരിഹാരം കാണാനൊരുങ്ങുകയാണ് പിടിഎ.

കോട്ടായി സര്‍ക്കാര്‍ എല്‍പിസ്കൂളിലെ 46 കുട്ടികള്‍ ഇക്കൊല്ലം പഠിക്കാനെത്തുന്നത് ഈ പഴയ ഓഫീസ് കെട്ടിടത്തിലാണ്. സര്‍ക്കാര്‍ പണമനുവദിച്ചിട്ടും കെട്ടിടം പണിയാനാവാത്ത ദുരവസ്ഥ. പള്ളിക്കൂടം നില്‍ക്കുന്ന സ്ഥലത്തിന് സ്വകാര്യവ്യക്തി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിക്ക് തുടക്കം. രേഖകള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന് ഉത്തരവിറക്കി. 

കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ ഒരുകോടി രൂപയുമനുവദിച്ചു. മൂന്നുമാസം മുന്പ് പഴയ കെട്ടിടം പൊളിച്ചിട്ടെങ്കിലും പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേവാങ്ങി. ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച ഹൈക്കോടതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കി. 

YouTube video player

പഴയ കെട്ടിടത്തിലുള്ള സാധനങ്ങള്‍ ഒതുക്കിവച്ച് ക്ലാസ് മുറികള്‍ സജ്ജമാക്കുകയാണ് അധ്യാപകര്‍. ഇക്കൊല്ലം പരിമിതികളുണ്ടെങ്കിലും ഒരുനൂറ്റാണ്ടിനടുത്ത് പാരന്പര്യമുള്ള സ്കൂളിന് വേഗത്തില്‍ കെട്ടിടമൊരുങ്ങുമെന്ന പ്രതീക്ഷയുണ്ട് ഇവര്‍ക്ക്.