ഇടുക്കി: വീണ്ടും ഭൂമി കയ്യേറ്റ വിവാദത്തില്‍പ്പെട്ട് ദേവികുളം എസ് രാജേന്ദ്രന്‍ എംഎല്‍എ. വീടിന് സമീപത്തെ രണ്ട് സെന്റ് ഭൂമിയാണ് മണ്ണിട്ട് നികത്തി കൈയ്യേറിയിരിക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജെസിബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം മണ്‍ഭിത്തി ഇടിച്ചിരുന്നു. ഇവിടുന്ന എടുത്ത മണ്ണാണ് രാജേന്ദ്രന്റെ വീടിന് സമീപത്ത് ഭിത്തി നിര്‍മ്മിച്ച് നിക്ഷേപിച്ചിരിക്കുന്നത്. 

സംഭവത്തില്‍ പരാതി ലഭിച്ചതായും ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിക്കാന്‍ കെഡിഎച്ച് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായും സബ് കളക്ടര്‍ രേണുരാജ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. മണ്ണെടുത്തത്ത് സംബന്ധിച്ച് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിക്കുന്നമുറക്കായിരിക്കും തുടര്‍നടപടികള്‍.