തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടീച്ചര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവധിയില്‍ പ്രവേശിച്ചതോടെ രാത്രിയുടെ മറവില്‍ സമീപത്തെ റിസോര്‍ട്ട് ഉടമ ചുറ്റുമതില്‍ പൊളിച്ചുനീക്കി ഭൂമി കൈയ്യേറുകയായിരുന്നു. 

മൂന്നാര്‍: മൂന്നാര്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടത്തിന്റെ ചുറ്റുമതില്‍ പൊളിച്ചുമാറ്റി സ്വാകര്യവ്യക്തി ഭൂമി കൈയ്യേറി. രണ്ട് സെന്റോളംവരുന്ന ഭൂമിയാണ് സമീപത്തെ റിസോട്ടുടമ കൈയ്യേറി കരിങ്കല്ലുകള്‍ നിരത്തിയത്. കോവിഡിന്റെ പശ്ചാതലത്തില്‍ കുട്ടികള്‍ എത്താതിരുന്നതും ടീച്ചര്‍ അവധിയില്‍ പ്രവേശിച്ചതുമാണ റിസോര്‍ട്ടുടമ ഭൂമി കൈയ്യേറാന്‍ കാരണം. 

20 ഓളം കുട്ടികളാണ് മൂന്നാര്‍ കോളനിയിലെ 85-ാം നംബര്‍ അംഗവാടിയില്‍ പഠിക്കുന്നത്. കോവിഡിന്റെ പശ്ചാതലത്തില്‍ കുട്ടികള്‍ എത്തുന്നില്ലെങ്കിലും അവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കെട്ടിടത്തിലാണ് സൂക്ഷിക്കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ തവണയെത്തുന്ന ജീവനക്കാര്‍ ഭക്ഷണങ്ങള്‍ കുട്ടികളുടെ മതാപിതാക്കള്‍ക്ക് നല്‍കിയശേഷം മടങ്ങുകയാണ് പതിവ്. 

എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടീച്ചര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവധിയില്‍ പ്രവേശിച്ചതോടെ രാത്രിയുടെ മറവില്‍ സമീപത്തെ റിസോര്‍ട്ട് ഉടമ ചുറ്റുമതില്‍ പൊളിച്ചുനീക്കി ഭൂമി കൈയ്യേറുകയായിരുന്നു. രണ്ടര സെന്റോളംവരുന്ന ഭൂമിയാണ് കൈയ്യേറിയത്. ടീച്ചറുടെ പരാതിയെ തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. അവധി ദിവസങ്ങള്‍ മുതലെടുത്ത് മൂന്നാറിലെ സര്‍ക്കാര്‍ ഓഫീസുകളും കെട്ടിടങ്ങളും സ്വകാര്യവ്യക്തികള്‍ കൈയ്യേറുകയാണ്.