ഇടുക്കി: കാലവര്‍ഷത്തില്‍ ഗ്യാപ്പ് റോഡില്‍ പാറയും മണ്ണും പത്തിടത്ത് നിറഞ്ഞതോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം നീണ്ടുപോകാന്‍ സാധ്യത. ദേശീയപാതവികസനത്തിന്‍റെ ഭാഗമായി 380 കോടിരൂപ മുടക്കിയാണ് കൊച്ചി-ധനുഷ്‌കോടി റോഡിന്റെ പണികള്‍ ആരംഭിച്ചത്. 18 മാസംകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കാനായിരുന്നു തീരുമാനം. 

മൂന്നാര്‍ മുതല്‍ പൂപ്പാറവരെയുള്ള ഭാഗങ്ങളിലെ പണികള്‍ 60 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ കാലവര്‍ഷം കനത്തതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അപാകത ദേശീയപാതവികസനത്തിന് തിരിച്ചടിയായി. ലോക്കാട് ഗ്യാപ്പില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടത്തി പാറപൊട്ടിച്ചത് കാലവര്‍ഷത്തില്‍ മലയിടിച്ചലിനും പാറ അടര്‍ന്നുവീഴുന്നതിനും കാരണമായതാണ് നിരീക്ഷണം. ദേവികുളം മുതല്‍ ലോക്കാട് ഗ്യാപ്പ് വരെ 10 ഇടങ്ങളിലാണ് ഇത്തരത്തില്‍ മണ്ണിടിച്ചിലുണ്ടായത്. 

ഗ്യാപ്പ് റോഡില്‍ 100 മീറ്റര്‍ ഭാഗത്തെ റോഡ് പൂര്‍ണ്ണമായി ഇല്ലാതായി. യന്ത്രങ്ങളുടെ സഹായത്തോടെ റോഡിലെ മണ്ണും കല്ലും മാറ്റാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടുകയാണ്. കഴിഞ്ഞ മഴക്കാലത്ത് മൂന്നാറില്‍ പ്രളയം ബാധിച്ചപ്പോള്‍ തൊഴിലാളികള്‍ ഒരുഭയവും കൂടാതെ തമിഴ്നാട്ടിലേക്ക് ഇതുവഴിയാണ് കടന്നുപോയിരുന്നത്. എന്നാല്‍ ദേശീയപാത അധിക്യതരുടെ കെടുകാര്യസ്ഥതമൂലം ഇപ്പോള്‍ ഭയന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

കൂറ്റന്‍ പാറകല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും അടര്‍ന്നുവീഴാമെന്ന് നിലയിലാണ് റോഡുള്ളത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകുന്നത് ടൂറിസം വികസനത്തിന് മുതല്‍കൂട്ടാകുമെന്നായിരുന്നു നിരീക്ഷണം. എന്നാല്‍ ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം നിലച്ചത് ഇത്തവണത്തെ സന്ദര്‍ശകരുടെ ഒഴുക്കിന് കുറയാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.