ഇടുക്കി: ഇടുക്കി ഗ്യാപ് റോഡില്‍ ഇനിയും മലയിടിച്ചിലിന് സാധ്യതയുണ്ടെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും എന്‍ഐടി വിദഗ്ധ സംഘം. മലയിടിച്ചിലിന്റെ ആഘാതം പഠിക്കാന്‍ എത്തിയതായിരുന്നു സംഘം. അതേസമയം ദുരന്തം മനുഷ്യനിര്‍മിതമാണെന്നും കൃഷിനാശത്തിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു.

ഗ്യാപ് റോഡില്‍ മലയിടിച്ചിലുണ്ടായി ഒരു മാസത്തിന് ശേഷമാണ് കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള സംഘം പഠനം നടത്താന്‍ എത്തിയത്. മലയിടിച്ചിലില്‍ 50 ഏക്കര്‍ കൃഷിഭൂമി ഒലിച്ചുപോയിരുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതവും തടസ്സപ്പെട്ടു. മണ്ണും പാറകളും നീക്കി ഗതാഗതം പുഃനസ്ഥാപിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.

ഗ്യാപ് റോഡ് നിര്‍മാണത്തിനായി വലിയ തോതില്‍ പാറ ഖനനം നടന്നിരുന്നു. പൊട്ടിക്കുന്ന പാറകള്‍ ജില്ലയ്ക്ക് പുറത്തേക്കും കടത്തി. ഇത്തരത്തില്‍ പാറ ഖനനത്തിനായി സ്‌ഫോടനം നടത്തിയപ്പോള്‍ മലയിടിഞ്ഞെന്നാണ് നാട്ടുകാരുടെ ആരോപണം.

തകര്‍ന്ന് വീണ പാറകള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചുനീക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടകാര്‍ തടഞ്ഞു. ഇനിയും സ്‌ഫോടനം നടത്തിയാല്‍ കൃഷിഭൂമിയ്‌ക്കൊപ്പം വീടുകളും തകരുമോ എന്നാണിവരുടെ ആശങ്ക. കൃഷിഭൂമിയില്‍ വീണ മണ്ണ് നീക്കുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.