പരിക്കേറ്റവർക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനും മന്ത്രി നിർദേശം നൽകി.
കാസർകോട്: ജില്ലയിലെ ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു തൊഴിലാളി മരിക്കുകയും തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപകടത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ് ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായും ജില്ലാ പൊലീസ് മേധാവിയുമായും സംസാരിച്ച മന്ത്രി അന്വേഷണം നടത്താൻ പൊലീസിനോട് നിർദ്ദേശം നൽകി. സ്ഥലം സന്ദർശിക്കുന്നതിന് ജില്ലാ കലക്ടറോടും മന്ത്രി നിർദേശിച്ചു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനും മന്ത്രി നിർദേശം നൽകി.
ഇന്ന് രാവിലെ 11 മണിയോടെയാണ് ചെറുവത്തൂർ വില്ലേജിലെ മട്ടലായി എന്ന സ്ഥലത്ത് ദേശീയപാതയുടെ പ്രവർത്തനത്തിൻ്റെ ഭാഗമായി മട്ടലായി കുന്നിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ കുന്നിടിഞ്ഞത്. ഒരാൾ മരണപ്പെടുകയും 2 പേർക്ക് സാരമായ പരിക്ക് പറ്റുകയും ഒരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത വെസ്റ്റ് ബംഗാൾ സ്വദേശിയായ മുംതാജ് മീർ ( 18 വയസ് ) ആണ് മരണപ്പെട്ടത്. കൊൽക്കത്ത സ്വദേശികളായ മുന്നാൽ ലസ്കർ (55 വയസ് ) മോഹൻ തേജർ (18 വയസ് ) എന്നിവർക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. സാരമായി പരിക്കേറ്റവർ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച തൊഴിലാളിയുടെ ഭൗതികശരീരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റും.


