ഇടുക്കി: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ് ഇടുക്കി വെള്ളിയാമറ്റം സ്വദേശി ജോർജും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണത്. ജീവൻ രക്ഷപ്പെട്ടെങ്കിലും വീടിന് ചുറ്റും മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ വീട്ടിലേക്ക് എപ്പോൾ പോകാൻ കഴിയുമെന്ന ആശങ്കയിലാണ് ജോർജ്.

കനത്ത മഴയ്ക്ക് നല്ല ശമനമുണ്ടെങ്കിലും മണ്ണിടിച്ചിൽ ഭീഷണിയിലാണ് ഇടുക്കിയിലെ നിരവധി കുടുംബങ്ങൾ. വീടുകളുടെ മുകളിലേക്ക് വീണ മണ്ണ് നീക്കാനാകാത്തതിനാൽ നിരവധി പേരാണ് വീട്ടിലേക്ക് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

ജില്ലയിൽ 111 കുടുംബങ്ങളാണ് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. മണ്ണിടിച്ചിലെ തുടർന്നുണ്ടായ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ് ഭൂരിഭാ​ഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. സർക്കാർ സഹായത്തിൽ മാത്രമാണ് ഇനി തങ്ങളുടെ പ്രതീക്ഷയെന്നാണ് നാട്ടുകാർ പറയുന്നത്.