മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വലയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എക്സൈസ് പിടികൂടുകയായിരുന്നു.
അമ്പലപ്പുഴ: ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ ബീവറേജ് അവധി ആയതിനാൽ അന്നേ ദിവസം കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 101 മദ്യകുപ്പികൾ പിടികൂടി. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ ശിവജിയെ (52) ആണ് എക്സൈസ് പിടികൂടിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വലസഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എക്സൈസ് പിടികൂടുകയായിരുന്നു.
തുടർന്ന് കായലിൽ നടത്തിയ തിരച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. നിരവധി പരാതികൾ ഇയാളെ കുറിച്ച് മുമ്പും ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഡ്രൈ ഡേ നോക്കിയാണ് ഇയാൾ കൂടുതൽ മദ്യം അനധികൃതമായി വാങ്ങുകയും വാങ്ങിയ മദ്യ കുപ്പികൾ കായലിൽ താഴ്ത്തി വെക്കുകയും ചെയ്തത്. ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ വാങ്ങിയാണ് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വികെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ഹരീഷ് കുമാർ കെ എച്ച്, ജി ആർ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി കെ എന്നിവർ ഉണ്ടായിരുന്നു.


