വീട്ടിന് സമീപത്തെ ചവിട്ടുപടികളില്‍ വെള്ളം ആര്‍ത്തലച്ച് എത്തുന്നതും ആശങ്കയോടെ നില്‍ക്കുന്ന കുട്ടികളുടേയും വീഡിയോ അവസാനത്തേത് ആകുമെന്നും ഫൌസിയ കരുതിയിരിക്കില്ല

വീട്ടുമുറ്റത്തേക്ക് ഇരച്ചെത്തുന്ന മലവെള്ളം(Heavy Rain) കണ്ട് ഭയന്നുനില്‍ക്കുന്ന കുട്ടികളുടെ വീഡിയോ ഫൌസിയ ബന്ധുവിന് അയച്ചുനല്‍കിയത് ദുരന്തമുണ്ടാകുന്നതിന് അല്‍പം മുന്‍പാണ്. വീട്ടിന് സമീപത്തെ ചവിട്ടുപടികളില്‍ വെള്ളം ആര്‍ത്തലച്ച് എത്തുന്നതും ആശങ്കയോടെ നില്‍ക്കുന്ന കുട്ടികളുടേയും വീഡിയോ അവസാനത്തേത് ആകുമെന്നും ഫൌസിയ കരുതിയിരിക്കില്ല. കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ (Kokkayar Landslide) മരിച്ച ചേരിപ്പുറത്ത് സിയാദിന്‍റെ ഭാര്യ ഫൌസിയ ബന്ധുവിന് അയച്ച് നല്‍കിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഫൌസിയയും മക്കളും ബന്ധുക്കളും അടക്കം ആറുപേരുടെ മൃതദേഹമാണ് കൊക്കയാറില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. തൊട്ടിലിൽ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം ലഭിച്ചത്. ഭാര്യയും മക്കളും സഹോദരന്‍റെ മക്കളും അടക്കമാണ് ഫൌസിയയുടെ ഭര്‍ത്താവിന് കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടിൽ എത്തിയ ഫൗസിയയും മക്കളായ പത്തുവയസുകാരൻ അമീനും 7വയസുകാരി അംനയും സഹോദരന്റെ മക്കളായ അഫ്‌സാനയും അഫിയാനെയുമായിരുന്നു സിയാദിന് ദുരന്തത്തിൽ നഷ്ടമായത്. മരണത്തിന് തൊട്ടുമുൻപ് മക്കൾ മൊബൈലിൽ എടുത്ത വീഡിയോ കാണുമ്പോഴും അവർ തിരിച്ചുവരുമെന്ന എന്ന പ്രതീക്ഷയായിരുന്നു സിയാദിനുണ്ടായിരുന്നത്.


ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിൽ പുത്തഞ്ഞ കുട്ടികളുടെ മൃതദ്ദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ 2കുട്ടികൾ പരസ്പരം കെട്ടിപ്പുണർന്ന നിലയിലും ഒരാൾ തൊട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്നുവയസുകാരൻ സച്ചു ഷാഹുലിനെയാണ് കണ്ടെത്താനുള്ളത്. ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാൻ സാധിച്ചില്ല.