വീട്ടുകാരെത്തി ബാഗ് നീളമുള്ള കമ്പ് ഉപയോഗിച്ച് വീടിന് പുറത്തേക്ക് എത്തിച്ച ശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് എറണാകുളം സർപ്പ സ്നേക്ക് റെസ്ക്യു അംഗം റിൻഷാദ് നാസർ എത്തി മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറി

കൊച്ചി: പതിവ് പോലെ ബാഗ് വൃത്തിയാക്കാൻ എടുത്തതാണ് കാക്കനാട് അത്താണി എളവക്കാട്ടുമൂലയിൽ അബ്ദുൾ അസീസിന്റെ വീട്ടിൽ ജോലിക്കെത്തുന്ന യുവതി. എന്നാൽ ബാഗിൽ കാത്തിരുന്നത് പതിവ് തെറ്റിച്ചെത്തിയ ഒരു അതിഥിയായിരുന്നു. വൃത്തിയാക്കാൻ എടുത്ത ബാഗിന് പതിവില്ലാത്ത കനം അനുഭവപ്പെട്ടെങ്കിലും ബാഗ് തുറന്നു, ഉടനെ തല ഉയർത്തി ഒരു ചീറ്റൽ, പേടിച്ച് ബാഗ് നിലത്തിട്ടു. ബാഗിൽ കണ്ടത് നീളമേറിയ മൂർഖൻ ! കടിയേല്ക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിനും. ഉടൻ വീട്ടുകാരെത്തി ബാഗ് നീളമുള്ള കമ്പ് ഉപയോഗിച്ച് വീടിന് പുറത്തേക്ക് എത്തിച്ച ശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് എറണാകുളം സർപ്പ സ്നേക്ക് റെസ്ക്യു അംഗം റിൻഷാദ് നാസർ എത്തി മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറി. അബ്ദുൾ അസീസിന്റെ ഒന്നാം ക്ലാസ്സുകാരനായ മകൻ വെളളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് ഹാളിലെ മേശയുടെ അടിയിൽ വെച്ചിരിക്കുകയായിരുന്നു. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നിട്ട സമയത്ത് പാമ്പ് ബാഗ് സിബ്ബിന്റെ വിടവിലൂടെ കയറിയതാകാമെന്നാണ് നിഗമനം. കുട്ടി ബാഗ് തുറക്കാഞ്ഞത് ഭാഗ്യമെന്ന് ആശ്വസിക്കുകയാണ് യുവതിയും വീട്ടുകാരും.