കോഴിക്കോട്: ബസ് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർ‍ക്ക് നേരെ പേരാമ്പ്ര ബസ് സ്റ്റാന്‍റിൽ പൊലീസ് ലാത്തിച്ചാർജ്. കായണ്ണ സ്വദേശി ദേവിയാണ് മരിച്ചത്. മത്സരയോട്ടത്തിനിടെ അമിത വേഗത്തില്‍ സ്റ്റാന്‍റിലേക്ക് പ്രവേശിച്ച ബസ് കായണ്ണ സ്വദേശിയായ ദേവിയെ ഇടിക്കുക്കുകയായിരുന്നു. ഇവരുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും നേരെയായിരുന്നു പൊലീസ് മർദ്ദനം. നിരവധി പേർക്ക് പരിക്കേറ്റു.

ബുധനാഴ്ച 11 മണിയോടെയാണ് അമിതവേഗത്തിലെത്തിയ ബസ് ദേവിയെ ഇടിച്ച് വീഴ്ത്തിയത്. ദേഹത്ത് കൂടി ബസ് കയറിയിറങ്ങിയ ദേവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാർട്ടികൾ ബസ് സ്റ്റാന്‍റിൽ പ്രതിഷേധസമരം നടത്തി. ഡിവൈഎഫ്ഐയുടേയും യൂത്ത് ലീഗിന്‍റെയും പ്രതിഷേധത്തിന് ശേഷം വൈകീട്ടോടെ മരിച്ച ദേവിയുടെ ബന്ധുക്കളും സ്റ്റാന്‍റിലെത്തി. ഇവർ ബസ് തടഞ്ഞ് സമരം നടത്തിയതോടെയാണ് പോരാമ്പ്ര എസ്ഐയുടെ നേതൃത്വത്തിൽ ലാത്തിച്ചാർജ് നടത്തിയത്.

ലാത്തിചാർജിൽ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് തടഞ്ഞ് സമരം തുടരരുതെന്ന നിർദേശം സമരക്കാർ കേൾക്കാതിരുന്നതിനെത്തുടർന്നാണ് ലാത്തിച്ചാർജെന്നാണ് പൊലീസ് ഭാഷ്യം. ഒരാഴ്ചക്കിടയിൽ മൂന്നാമത്തെ അപകടമരണമാണ് പോരാമ്പ്രയിലുണ്ടാകുന്നത്.