തകർന്ന റോഡ് നന്നാക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധം സമരത്തിനെത്തിയവർ ചിരിച്ചുമറിഞ്ഞു, കണ്ടവർക്കും ചിരി -കാരണമിത്
റോഡരികിൽ ഇരുന്നാണ് ഈ കൂട്ടച്ചിരിയെന്നത് ഏറെ കൗതുകം. എന്നാൽ ഇവരുടെ ചിരി വെറുമൊരു ചിരിയല്ലെന്നതാണ് വാസ്തവം.

കാസർകോട്: തകർന്ന് കിടക്കുന്ന കാസർകോട്ടെ ചാലിങ്കാൽ-അമ്പലത്തറ റോഡ് നന്നാക്കാത്തതിന് എതിരെ സമരത്തിന് എത്തിയവർ കൂട്ടച്ചിരി. സമരം കണ്ടവർക്കും ചിരി. ചിരിയെന്ന് പറഞ്ഞാൽ ചിരിയോട് ചിരി. പുഞ്ചിരി മുതൽ പൊട്ടിച്ചിരിയും കുട്ടിച്ചിരിയും പരിഹാസച്ചിരിയും വരെയായി. റോഡരികിൽ ഇരുന്നാണ് ഈ കൂട്ടച്ചിരിയെന്നത് ഏറെ കൗതുകം. എന്നാൽ ഇവരുടെ ചിരി വെറുമൊരു ചിരിയല്ലെന്നതാണ് വാസ്തവം. ഇതൊരു സമരമാണ്. തകർന്ന് കിടക്കുന്ന ചാലിങ്കാൽ - അമ്പലത്തറ റോഡ് നന്നാക്കാത്തതിനുള്ള നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാത നിർമ്മാണത്തിനാവശ്യമായ മിക്സിങ് കേന്ദ്രം ഈ റോഡരികിലാണ് പ്രവർത്തിക്കുന്നത്.
കമ്പനിയുടെ വലിയ ഭാരമുള്ള വണ്ടികൾ തുടർച്ചയായി പോകുന്നത് റോഡ് തകർച്ചയ്ക്ക് ഇടയാക്കിയതായി നാട്ടുകാർ പറയുന്നു. കമ്പനി തന്നെ റോഡ് നന്നാക്കിത്തരാൻ ധാരണയായെങ്കിലും നടത്തുന്നില്ലെന്നാണ് പരാതി. തുടർന്നാണ് വ്യത്യസ്ത സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്. ചിരിച്ചു സോപ്പിട്ടാലെങ്കിലും റോഡ് നന്നാക്കി തന്നാലോ എന്ന് ചിലർ. കണ്ണിൽ പൊടിയിടാൻ നാമമാത്രമായ പണിനടത്തി മുങ്ങിയെന്നും മഴയായതോടെ എല്ലാം ഒലിച്ചുപോയെന്നും സമരക്കാർ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർ പരിഹസിക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും അതുകൊണ്ടാണ് ചിരി സമരവുമായി രംഗത്തെത്തിയതെന്നും ഇവർ പറയുന്നു.