വി എസ്  അച്യുതാനന്ദന്‍, വയലാര്‍ രവി, എ കെ ആന്‍റണി, ഗൗരിയമ്മ,  തച്ചടി പ്രഭാകരന്‍, ഡി സുഗുതന്‍ എന്നിവരെയെല്ലാം തൂവെള്ളയില്‍ മിനുക്കിയതിന്  പിന്നില്‍ ശ്രീനിവാസന്‍റെ കരങ്ങളായിരുന്നു. പലമേഖലകളിലെയും പ്രമുഖരായ വ്യക്തികളുടെ വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് നല്‍കിയിട്ടുണ്ടെന്ന് ശ്രീനിവാസന്‍ അഭിമാനത്തോടെ പറയുന്നു.  തുടക്കത്തില്‍ ഒരണയും 10 പൈസയും ആയിരുന്നു കൂലി. ഇപ്പോള്‍ ഒരു സെറ്റിന് കുറഞ്ഞത് 120 രൂപയാണ്

ആലപ്പുഴ: ഇലക്ഷന്‍ ചൂട് കൂടിയതോടെ ശ്രീനിവാസന് തിരക്കിന്റെ നാളുകളായി. രാഷ്ട്രീയക്കാരൻ അല്ലേലും ശ്രീനിവാസന് തിരഞ്ഞെടുപ്പ് അടുത്തതോടെ നിന്നു തിരിയാന്‍ നേരമില്ലാതായി. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡിലെ ശ്രീനിവാസന്‍ നല്ല ഒന്നാന്തരം അലക്കുതൊഴിലാളിയാണ്. പ്രത്യേകിച്ച് ഖദര്‍ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കി ഈസ്തിരി ഇട്ട് മിനുക്കുന്നതില്‍ അതിവിദഗ്ദന്‍.

അലക്ക് തൊഴിലാളിയായ ശ്രീനിവാസന് ഇപ്പോള്‍ 70 വയസുണ്ട്. കുലതൊഴിലായ അലക്ക് ശ്രീനിവാസന്‍ തുടങ്ങിയിട്ട് 53 വര്‍ഷമായി. പ്രായമായിട്ടും വിശ്രമിക്കാന്‍ സമയമില്ല. ആധുനികരീതിയിലുള്ള തുണികഴുകല്‍ സ്ഥാപനങ്ങളുണ്ടെങ്കിലും ആലപ്പുഴയിലെ ഖദര്‍ ധാരികളുടെ പ്രിയങ്കരന്‍ ഇപ്പോഴും ശ്രീനിവാസന്‍ തന്നെയാണ്. ഖദര്‍ ഷര്‍ട്ടിനും മുണ്ടിനും വടിവ് കിട്ടണമെില്‍ പണി അറിയാവുന്ന ആള്‍ തന്നെ തുണി കഴുകണം എന്നാണ് ആവശ്യക്കാര്‍ പറയുന്നത്.

അതുകൊണ്ടാണ് ശ്രീനിവാസനെ തേടി ഇപ്പോഴും ആവശ്യക്കാര്‍ എത്തുന്നത്. 26 കൊല്ലമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വസ്ത്രങ്ങള്‍ അലക്കി തേക്കുന്നത് ശ്രീനിവാസനാണ്. നാടന്‍ അലക്ക് ശൈലിയും വടിവൊത്ത തേപ്പും വെണ്‍മയുമാണ് വിജയ രഹസ്യം. പ്രായം വെല്ലുവിളിയായി മാറുന്നുണ്ടെങ്കിലും കുടുംബപരമായ തൊഴില്‍ അന്യമാകുന്നതില്‍ വിഷമവുമുണ്ട്.

സ്‌കൂള്‍കാലഘട്ടം കഴിഞ്ഞ് ആരംഭിച്ചതാണ് ഈ തൊഴിലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. മുൻപ് കോൺഗ്രസ് നേതാക്കളാണ് ഖദർ വസ്ത്രം ധരിച്ചിരുന്നതെങ്കിൽ ഇപ്പോൾ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരും ഖദര്‍ ധാരികളാണ്. ഉദ്യോഗസ്ഥരും ഖദര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അലക്കാനും തേക്കാനും ആളില്ലാതായി. പണ്ടത്തെ പോലെ അലക്കി തേക്കാന്‍ ആഴ്ചകള്‍ വേണ്ട, വെറും ഒരു ദിവസം മതി. അലക്കിക്കഴിഞ്ഞാല്‍ ഡ്രയറില്‍ ഇട്ട് ഒരു മിനിട്ടിനുള്ളില്‍ ഉണക്കാം.

വി എസ് അച്യുതാനന്ദന്‍, വയലാര്‍ രവി, എ കെ ആന്‍റണി, ഗൗരിയമ്മ, തച്ചടി പ്രഭാകരന്‍, ഡി സുഗുതന്‍ എന്നിവരെയെല്ലാം തൂവെള്ളയില്‍ മിനുക്കിയതിന് പിന്നില്‍ ശ്രീനിവാസന്‍റെ കരങ്ങളായിരുന്നു. പലമേഖലകളിലെയും പ്രമുഖരായ വ്യക്തികളുടെ വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് നല്‍കിയിട്ടുണ്ടെന്ന് ശ്രീനിവാസന്‍ അഭിമാനത്തോടെ പറയുന്നു. തുടക്കത്തില്‍ ഒരണയും 10 പൈസയും ആയിരുന്നു കൂലി. ഇപ്പോള്‍ ഒരു സെറ്റിന് കുറഞ്ഞത് 120 രൂപയാണ്.

നാടന്‍ ശൈലിയിലുള്ള അലക്കാണെങ്കില്‍ ചൗവരി തലേന്ന് വെള്ളത്തിലിട്ട് അതിന്റെ പശയില്‍ മുണ്ട് മുക്കി എടുക്കണമെന്ന് ശ്രീനിവാസന്‍ പറയുന്നു . അനുദിനം ഖദര്‍ ധാരികളുടെ എണ്ണം കൂടുന്നതോടെ ആധുനികപരീക്ഷണങ്ങളോട് കൂടിയ അലക്ക് സ്ഥാപനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. ആധുനികതയുടെ പ്രൗഡിയിലും പരമ്പരാഗതശൈലി ഇഷ്ടപ്പെടുന്നവര്‍ ധാരാളം ഉണ്ടെന്ന് ശ്രീനിവാസന്‍ പറയുന്നു.